കിഫ്ബി റോഡുകളിൽ ടോൾ വരുമെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി
Thursday, February 13, 2025 3:21 AM IST
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ, ടോൾ പിരിക്കാനുള്ള നീക്കം നിയമസഭയിൽ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ബജറ്റിന്മേൽ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിഫ്ബിയെ വരുമാനദായകമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയപാതാ അഥോറിറ്റി മാതൃകയിൽ കിഫ്ബി റോഡുകളിൽ ടോൾ പിരിവ് ഏർപ്പെടുത്തുന്നതോടെ യൂസർ ഫീ ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയും.
ഇതിനു പുറമെ കേരളത്തിന്റെ കടമെടുപ്പു പരിധിയിൽനിന്നും കിഫ്ബി പദ്ധതികളെ ഒഴിവാക്കാനും കഴിയും. കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ സമീപനം കാരണമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനദായകമാക്കാം എന്നതിനെക്കുറിച്ചുള്ള ആലോചനകൾ സംസ്ഥാന സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യൂസർ ഫീ ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയുന്ന സ്ഥിതി വന്നാൽ ക്രമേണ സർക്കാരിൽനിന്നുള്ള ഗ്രാന്റ് ഒഴിവാക്കാൻ സാധിക്കും. കിഫ്ബി പദ്ധതികളെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്പോൾ ഇത്തരം പദ്ധതികൾ വരുമാനദായകമല്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞത്. സമാനസ്വഭാവമുള്ള ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എ) പോലുള്ള സ്ഥാപനങ്ങൾ വരുമാനം നേടുന്നവയാണെന്നും അതുവഴി തിരിച്ചടവ് സാധ്യമാകുന്നുവെന്നും കേന്ദ്രം പറഞ്ഞു.
ഇതു വസ്തുതാവിരുദ്ധമാണ്. ടോൾ വഴി വരുമാനം കണ്ടെത്തുന്ന എൻഎച്ച്എയും ആകെ തിരിച്ചടവിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ് ടോൾ വഴി നേടുന്നത്. ബാക്കി ഓപ്പണ് മാർക്കറ്റ് കടമെടുപ്പും കേന്ദ്രസർക്കാർ ഗ്രാന്റുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെട്രോളിയം ഇന്ധനങ്ങൾക്കുമേലുള്ള ഒരു ശതമാനം സെസും 10 ശതമാനം വീതം വാർഷിക വർധന വരുത്തി അഞ്ചാം വർഷം മുതൽ ഏർപ്പെടുത്തുന്ന 50 ശതമാനം മോട്ടർ വാഹന നികുതിയുമാണു കിഫ്ബിയുടെ വരുമാനസ്രോതസ്.
ഈ സ്രോതസിനെ സെക്യൂരിറ്റൈസ് ചെയ്ത് സെബിയും ആർബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരികയാണ് കിഫ്ബിയുടെ ലക്ഷ്യം.
ഇത്തരത്തിലുള്ള ധനസമാഹരണം 2022 വരെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുൻ ധനമന്ത്രി കിഫ്ബി റോഡുകളിൽനിന്നും പാലങ്ങളിൽ നിന്നും ടോൾ പിരിക്കേണ്ടിവരില്ല എന്ന് അഭിപ്രായപ്പെട്ടത്.