കയര്‍ ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണത്തിന് മൂന്നംഗ സമിതി
Wednesday, February 12, 2025 2:42 AM IST
കൊച്ചി: കയര്‍ ബോര്‍ഡിലെ തൊഴില്പീഡനത്തില് പരാതി നല്കിയ ജീവനക്കാരി ജോളി മധു മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണസമിതി രൂപീകരിച്ചു.
മൂന്നംഗ സമിതിയാണ് എംഎസ്എംഇ മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കയര്‍ ബോര്‍ഡ് നിര്‍ദേശം നല്കി.
ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. ജോളി മരിച്ചതു തൊഴില്‍ പീഡനത്തെത്തുടര്ന്നാണെന്ന ബന്ധുക്കളുടെ ആരോപണത്തിനു പിന്നാലെയാണ് അന്വേഷണത്തിന് കേന്ദ്ര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
കയര്‍ ബോര്‍ഡ് കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസറായിരുന്ന ജോളി, തലയിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം മരിച്ചത്.
സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരേ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.
തൊഴില്‍ പീഡനത്തിനെതിരേ ജോളി നല്കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ക്കണ്ടു പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.
ചീഫ് സെക്രട്ടറിക്കു പരാതി നല്കി കുടുംബം
കൊച്ചി: കയര്‍ ബോര്‍ഡ് കൊച്ചി ഓഫീസിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്കിയ ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കുടുംബം ചീഫ് സെക്രട്ടറിക്കു പരാതി നല്കി. കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരായ വിപുല്‍ ഗോയല്‍, ജെ.കെ. ശുക്ല, എച്ച്. പ്രസാദ് കുമാര്‍, സി.യു.ഏബ്രഹാം എന്നിവര്‍ക്കെതിരേയാണു പരാതി നല്‍കിയിരിക്കുന്നത്.
ഇവര്‍ക്കെതിരേ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നാണു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപി, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അഴിമതിക്കെതിരേ പ്രതികരിച്ചതിന് ജോളിക്കെതിരേ പ്രതികാരനടപടികള്‍ സ്വീകരിച്ചുവെന്ന് പരാതിയിലുണ്ട്.