സ്വകാര്യ സർവകലാശാല; ആഗോള വിദ്യാഭ്യാസ സംഗമം അലങ്കോലമാക്കിയവർക്ക് ഒടുവിൽ മനംമാറ്റം
Wednesday, February 12, 2025 2:42 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: വർഷങ്ങൾക്കുമുന്‍പ് കേരളത്തിൽ വിദേശ, സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാനായി സർക്കാർ വിളിച്ചുചേർത്ത ആഗോള വിദ്യാഭ്യാസ സംഗമം അലങ്കോലപ്പെടുത്തിയവർക്ക് ഒടുവിൽ മനംമാറ്റം.
2016 ജനുവരി 29 ന് കോവളത്ത് നടത്താൻ തീരുമാനിച്ചിരുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനവേദിക്കു മുന്നിലിട്ട് അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ അധ്യക്ഷൻ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐക്കാർ കരണത്തടിച്ചു വീഴ്ത്തിയത് ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നു എന്ന ആക്ഷേപം ഉയർത്തിയായിരുന്നു.
എന്നാൽ, ഒന്‍പത് വർഷം മുന്‍പ് ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കാനായി മുന്നോട്ടുവച്ച സ്വകാര്യ സർവകലാശാല എന്ന ആശയം ഒടുവിൽ ഇടതുസർക്കാരിന് നടപ്പാക്കേണ്ടിവരുന്നു. സ്വകാര്യ സർവകലാശാല എന്ന ആശയം ഇപ്പോൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴും 2016ൽ സ്വകാര്യവത്കരണത്തിനെതിരേയുള്ള സമരത്തിന്റെ പേരിൽ ഡോ. ടി.പി. ശ്രീനിവാസനെ തല്ലി നിലത്തുവീഴ്ത്തിയതിനെ തള്ളിപ്പറിയാൻ ഉന്നതവിദ്യാഭ്യാവ വകുപ്പ് തയാറായിട്ടില്ല.
സ്വകാര്യ സർവകലാശാലാ ബില്ലിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐയുടെ യുവജന സംഘടന സൂചന നൽകി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലത്തിന് അനുസൃതമായ മാറ്റം വേണമെന്ന നിലപാടിലാണു തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സ്വകാര്യ സർവകലാശാലയ്ക്ക് എതിരായ നിലപാടുകൾ ഉണ്ടാകില്ല. ഇതിനിടെ, സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ നാല് ഏജൻസികൾ താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
സർക്കാർ തീരുമാനം വൈകി വന്ന വിവേകം: ടി.പി. ശ്രീനിവാസൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമാണെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ മുൻ അധ്യക്ഷൻ ടി.പി. ശ്രീനിവാസൻ.
സ്വകാര്യ സർവകലാശാല അനുവദിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പുതിയ നയത്തിൽ സർക്കാരിന് നിയന്ത്രണം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലത്തിനനുസരിച്ചുള്ള നടപടി: മന്ത്രി ബിന്ദു
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലയെന്ന ആശയം സംസ്ഥാനത്തു നടപ്പാക്കുന്നത് കാലത്തിന് അനുസരിച്ചുള്ള അനിവാര്യമായ നടപടിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ദേശീയ വിദ്യാഭ്യാസ സാഹചര്യം അനുസരിച്ച് ഇനിയും മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യ നീതി ഉറപ്പാക്കണം: എസ്എഫ്ഐ
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്പോൾ സാമൂഹ്യ നീതിയും മെറിറ്റും ഉറപ്പാക്കണമെന്നും ബിൽ പാസാക്കുന്നതിനു മുന്‍പ് വിദ്യാർഥിസംഘടനകളുമായി ചർച്ച നടത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.