ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതി നടപ്പിലാക്കും: മന്ത്രി ബാലഗോപാൽ
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
ഇതുൾപ്പെടെ 35.6 കോടി രൂപയുടെ 30 പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിന്റെ ഭാഗമായി മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. നിയമസഭയിൽ ബജറ്റിന്മേൽ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം .
ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തോട്ടം മേഖലയിലെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനും ലയം പുനർനിർമിക്കുന്നതിനുമായി 10 കോടി രൂപ വകയിരുത്തി. ടൂറിസത്തിന് വ്യവസായ പദവി നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
• ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള നാഷണൽ ഹൈവേ വികസനം കിഫ്ബി വഴി സമയബന്ധിതമായി പൂർത്തിയാക്കും.
• എ.സി. ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർസെന്ററിന്റെ വികസനത്തിനായി രണ്ടു കോടി നൽകും.
• പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കർഷകർക്കുള്ള ദുരതാശ്വാസ കുടിശിക കൊടുത്തു തീർക്കും.
• നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് പ്രകൃതിക്ഷോഭ പരിഹാര പ്രവർത്തനങ്ങൾക്ക് പ്രത്യേകമായി പദ്ധതി തയാറാക്കും.
• പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തകർന്ന അപ്രോച്ച് റോഡ് നിർമാണത്തിന് ആവശ്യമായ പരിശോധനകൾക്ക് ശേഷം നടപ്പിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.
• കാംകോയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിക്കും.
• കൂത്തുപറന്പിലെ നരിക്കോട് മല-വാഴമല വിമാനപ്പാറ-പഴശി ട്രെക്ക് പാത്ത് കേന്ദ്രീകരിച്ച് ഒരു ടൂറിസം ശൃംഖല രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
• സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മാനേജ്മെന്റ് പദ്ധതിക്കായി ഒരു കോടി രൂപ അധികം നൽകും.
• കോഴിക്കോട് കുളത്തൂർ ജംഗ്ഷനിൽനിന്നും എയർപോർട്ടിലേക്ക് എത്തിച്ചേരുന്ന റോഡ് നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
• പട്ടയം മിഷന് രണ്ടു കോടി രൂപ അധികം നൽകും.
• നാഷണൽ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റൽ സർവേ ആൻഡ് ഇന്റഗ്രേറ്റഡ് പോർട്ടൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ 25 ലക്ഷം.
• റവന്യു വകുപ്പ് നൽകിവരുന്ന ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നതിനായി ഒരു ഇ സാക്ഷരതാ കാന്പയിന് തുടക്കം കുറിക്കാൻ ഒരു കോടി.
• തൃത്താലയിലെ ആയുർവേദ പാർക്കിന് രണ്ടു കോടി.
• ഇരിക്കൂറിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ഒരു കോടി.
• കളമശേരി നിയോജകമണ്ഡലത്തിലെ കരുമാളൂർ പഞ്ചായത്തിനെയും കുന്നുകര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ പാലം നിർമാണം ഈ വർഷം തന്നെ ആരംഭിക്കാൻ നടപടി സ്വീകരിക്കും.
• കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരന്പരാഗത മേഖലകളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്്ധ സമിതി ശിപാർശകൾ സമയബന്ധിതമായി നടപ്പിലാക്കും.
• കോട്ടയ്ക്കൽ ആയുർവേദ കോളജ് വികസനം കിഫ്ബി പദ്ധതിയിൽപ്പെടുത്തി സമയബന്ധിതമായി പൂർത്തിയാക്കും.
• ജിഎസ്ടി വകുപ്പിൽ ഫേസ് ലെസ്സ് അഡ്ജൂഡിക്കേഷൻ സംവിധാനം നടപ്പിലാക്കും. ഇതിനാവശ്യമായ സോഫ്റ്റ്വേർ, ഹാർഡ് വെയർ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനായി മൂന്നു കോടി നൽകും.
• നിരീക്ഷ സ്ത്രീ നാടകവേദിക്ക് അഞ്ച് ലക്ഷം രൂപ.
• കുറ്റ്യാടി ടൗണിൽ നിന്നും പഴശി ചരിത്ര സ്മാരകം വരെ ഉൾപ്പെുന്ന ടൂറിസം മേഖല വികസനത്തിന് രണ്ടു കോടി.
• വാമനപുരത്തെ വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘത്തിന് ഒറ്റത്തവണ ഗ്രാന്റായി 10 ലക്ഷം.
• അതിരപ്പിള്ളി ടൂറിസം മാസ്റ്റർപ്ലാൻ നടപ്പിലാക്കും. ഇതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി രണ്ടു കോടി.
• കേരള സ്റ്റേറ്റ് ബുക്ക് മാർക്കിന്റെ ബുക്ക് കഫേയ്ക്ക് 20 ലക്ഷം
• കട്ടപ്പന മുനിസിപ്പാലിറ്റിയിൽ റിംഗ് റോഡ് നിർമാണത്തിനായി അഞ്ചു കോടി.
• തലശേരി ഹെറിറ്റേജ് ടൗണ്‍ (150 വർഷം പഴക്കമുള്ള തലശേരി മുനിസിപ്പാലിറ്റി കെട്ടിടം ഉള്‍പ്പെടെ) സൗന്ദര്യവത്കരണത്തിന് ഒരു കോടി.