ഈ മക്കളുടെ വേദന നമ്മുടെ നെഞ്ചു പൊള്ളിക്കുന്നില്ലേ?
Wednesday, February 12, 2025 2:42 AM IST
ചോരക്കലി തീർത്ത രണ്ടു കാട്ടാനകൾക്കു മുന്നിൽ നിസഹായരാണ് ഈ മക്കൾ. സജിതയും ആമിനയും. കാട്ടാന ചവിട്ടിയരച്ച അച്ഛന്റെ മൃതദേഹത്തിനരികെ നിർവികാരയായി ഇരിക്കുന്നു സജിത.
തിങ്കളാഴ്ച വൈകുന്നേരം കുളിക്കാൻ പോയ അമ്മയെ ഇന്നലെ വെള്ളപുതപ്പിച്ചു വീട്ടിലെത്തിച്ചപ്പോൾ തേങ്ങിക്കരയാൻപോലുമാകാതെ ഉള്ളുലഞ്ഞിരിക്കുകയാണ് ആമിന. ഈ മക്കൾ നമ്മുടെ നെഞ്ചു പൊള്ളിക്കുന്നില്ലെങ്കിൽ നാം മനുഷ്യരല്ല.
വന്യമൃഗങ്ങളുടെ നരവേട്ടയിൽ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായ ആയിരങ്ങളിലെ അവസാന കണ്ണികളാണിവർ. ഇവരുടെ വേദനകാണാൻ കണ്ണില്ലാത്തവരാണ് ഈ രാജ്യം ഭരിക്കുന്നത് എന്നതിനാൽ ഇവരുടെ ഗണത്തിലേക്ക് ഇനിയെത്തുന്നത് ആര് എന്നുമാത്രം നോക്കിയാൽ മതി.
വയനാട് നൂൽപ്പുഴയ്ക്കടുത്ത് അന്പലമൂല വെള്ളരിയിലെ നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനുവിന്റെ മൂത്ത മകളാണ് സജിത. ബബിന, സംഗീത, സനിഷ എന്നീ സഹോദരിമാരും അച്ഛൻ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ടിരിക്കുന്നു. ഇവർക്ക് റസ്കും വാങ്ങി വീട്ടിലേക്കു പോയ മനുവിനെയാണ് കാട്ടാന കശക്കിയെറിഞ്ഞത്.
ഇടുക്കി ചെന്നാപ്പാറ കൊമ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മകളാണ് ശാരീരിക ന്യൂനതകളുള്ള ആമിന.
പ്ലസ് ടു പഠനം കഴിഞ്ഞ് പള്ളിക്കത്തോട് ഐഐടിയിൽ പഠിക്കുന്ന ആമിനയ്ക്ക് തന്റെ വേദന പറഞ്ഞറിയിക്കാൻപോലുമാകുന്നില്ല. സഹോദരൻ ഷെയ്ഖ് മുഹമ്മദും അമ്മയെ നഷ്ടപ്പെട്ട വേദനയിൽ തകർന്നിരിക്കുന്നു. ഇനിയും ആർക്കും ഈ ഗതി വരുത്തരുതേയെന്ന പ്രാർഥനമാത്രമേ ഇവർക്കുള്ളൂ. ഇവരെപ്പോലെ നമുക്കും അതേ കഴിയൂ.
വന്യമൃഗങ്ങളെ നിയന്ത്രിക്കേണ്ടവർ ഒരിക്കലും അവയുടെ ഇരകളാകുന്നില്ലല്ലോ.