“നിങ്ങളുടെ കരുണയ്ക്കായി ഞാന്‍ യാചിക്കുന്നു...”; ജോളി മധുവിന്റെ ശബ്ദസന്ദേശവും കത്തും പുറത്ത്
Thursday, February 13, 2025 3:15 AM IST
കൊച്ചി: കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തിനു തെളിവായി, അന്തരിച്ച ജീവനക്കാരി ജോളി മധുവിന്റെ ശബ്ദസന്ദേശവും എഴുതി പൂര്‍ത്തിയാക്കാത്ത കത്തും പുറത്ത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ പ്രതികാരനടപടി നേരിടേണ്ടിവന്നുവെന്നാണ് ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തല്‍. പരാതി നല്കിയപ്പോള് പ്രതികാരനടപടിയുണ്ടായി.
കയര്‍ ബോര്‍ഡ് ചെയര്മാന് വിപുല്‍ ഗോയല്‍, മുന്‍ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവര്‍ക്കെതിരേയാണ് ഗുരുതര ആരോപണം. താന്‍ ആരെയും പറ്റിക്കാനോ കൈക്കൂലി വാങ്ങാനോ നിന്നിട്ടില്ലെന്നും ജോളിയുടെ ശബ്ദസന്ദേശത്തിലുണ്ട്. ബോധരഹിതയാകും മുമ്പ് ജോളി എഴുതി പൂര്‍ത്തിയാക്കാത്ത കത്തിലും തൊഴിലിടത്തെ മാനസികപീഡനം തന്നെയാണു വ്യക്തമാക്കിയിരിക്കുന്നത്.
“എന്റെ ചെയര്‍മാനോടു സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല. എനിക്കു പേടിയാണ്. തൊഴില്‍സ്ഥലത്തു പീഡനം നേരിടേണ്ടിവന്നയാളാണു ഞാൻ. അത് എന്റെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണ്. നിങ്ങളുടെ കരുണയ്ക്കായി ഞാന്‍ യാചിക്കുന്നു. എന്റെ വിഷമം മനസിലാക്കി ഇതില്‍നിന്നു കരകയറാന്‍ എനിക്കു കുറച്ചുസമയം തരൂ”എന്നാണ് ‘സര്’എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കത്തിലുള്ളത്.
“ഞാന്‍ വിനീതമായി...”എന്ന് ആരംഭിക്കുന്ന പൂര്‍ത്തിയാകാത്ത വരിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുംമുമ്പാണ് ജോളി ബോധരഹിതയായത്. സ്വന്തം കൈപ്പടയില്‍ ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ജോളി ബോധരഹിതയായത്.
കയര്‍ ബോര്‍ഡിലെ ജീവനക്കാരിയായിരുന്ന ജോളി മധു, ജോലിസ്ഥലത്തെ മാനസിക പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസികപീഡനത്തിന് ഇരയായെന്ന് കുടുംബവും ആരോപിച്ചിരുന്നു.
കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്മാന്, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരേയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരേ ജോളി നിരവധി പരാതികൾ നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു.
കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ക്കണ്ടു പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ജോളിയുടെ മൃതദേഹം ഇന്നലെ പാലാരിവട്ടത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്കരിച്ചു.