പാതിവില തട്ടിപ്പ് : അനന്തുവിന്റെ ഡയറിയില്‍ എല്ലാ വിവരങ്ങളുമുണ്ടെന്ന് ലാലി വിന്‍സെന്റ്
Wednesday, February 12, 2025 2:42 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രതി അനന്തു കൃഷ്ണന്റെ പേഴ്സണല്‍ ഡയറിയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്.
മൂവാറ്റുപുഴയിലെ കേസ് വ്യാജമാണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വലിയ അനാസ്ഥയുണ്ട്. അനന്തു കൃഷ്ണന്റെ അക്കൗണ്ട് സത്യസന്ധവും സുതാര്യവുമാണ്.
കിട്ടിയ പണത്തില്‍നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്കുകള്‍ ഉണ്ട്. മൂവാറ്റുപുഴയില്‍ ആകെ കൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. പിന്നെ ഏഴരക്കോടിയുടെ കണക്ക് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
വാര്യർ ഫൗണ്ടേഷൻ മുഖേന നൽകിയ പണം തിരികെ നൽകും
കോലഞ്ചേരി: പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്നു പറഞ്ഞ് നടത്തിയ തട്ടിപ്പിൽ ഉൾപ്പെട്ട മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ നിക്ഷേപകരുടെ മുഴുവൻ തുകയും തിരികെ നൽകും. 139 പേരിൽനിന്നു വാങ്ങിയ ഒരു കോടിയോളം രൂപയാണ് ഫൗണ്ടേഷൻ തിരികെ നൽകുന്നത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിക്ഷേപകരോടു വാങ്ങിയ മുഴുവൻ തുകയും വിതരണം ചെയ്യുമെന്ന് വാര്യർ ഫൗണ്ടേഷൻ ട്രസ്റ്റി എം.എസ്. മാധവവാര്യർ പത്രസമ്മേളനത്തിൽ അറിയിച്ചു.