തെറ്റ് മുഖത്തു നോക്കി വിളിച്ചു പറയുന്നത് പ്രവാചക ദൗത്യം: മാർ റാഫേൽ തട്ടിൽ
Thursday, February 13, 2025 3:15 AM IST
മാരാമൺ: അധികാരികളുടെ തെറ്റിനെ മുഖത്തു നോക്കി വിളിച്ചു പറയുന്ന പ്രവാചക ദൗത്യത്തിന്റെ ധീരത നഷ്ടമാക്കരുതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മദ്യം വിറ്റ് ലാഭമുണ്ടാക്കി ആ പണം കൊണ്ടാണ് നമ്മുടെ നാട്ടിൽ ശന്പളം കൊടുക്കുന്നത്.
സമൂഹത്തെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമാണിത്. ഇതു തെറ്റാണ്. ഈ വഴിയിൽ മുന്നോട്ടു പോകുന്നത് സമൂഹത്തിന്റെ സർവനാശത്തിനു കാരണമാകുമെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ആഘോഷങ്ങളും അവയിലെ ഭക്ഷണവുമൊക്കെ ആർഭാടമായി മാറുന്ന കാലഘട്ടമാണിത്. മിച്ചം വരുന്നത് അനാഥനും ദരിദ്രനുമുള്ളതെന്ന ചിന്ത ക്രൈസ്തവ വിപ്ലവമല്ല. അനാഥനെയും ദരിദ്രനെയും ഒന്നിച്ചിരുത്തി വിളന്പുന്നതാണ് വിപ്ലവം. മറ്റുള്ളവന്റെ ആവശ്യങ്ങൾ കാണാനും വേദനകൾ പങ്കിടാനും കഴിയുന്നതാണ് ക്രൈസ്തവ മാതൃക. സാമൂഹിക പ്രതിബദ്ധതയാണ് ഇവിടെയെല്ലാം പ്രകടമാകേണ്ടത്.
ലഭിച്ചതെല്ലാം ദൈവിക ദാനമാണെന്ന തിരിച്ചറിവിൽ സഹോദരനുമായി പങ്കുവയ്ക്കാനും പ്രവർത്തിക്കാനുമുള്ള മനസുണ്ടാകുന്പോഴാണ് യഥാർഥ ആത്മീയത നമ്മിൽ പ്രകടമാകുകയുള്ളൂവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈകുന്നേരം സാമൂഹിക തിന്മകൾക്കെതിരേ നടന്ന യോഗത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യസന്ദേശം നൽകി.