ആറു ദാരുണമരണം; ആരറിയുന്നു ഇവിടുത്തെ ദുരിതം
Wednesday, February 12, 2025 2:42 AM IST
മുണ്ടക്കയം: കിഴക്കന്‍ മലയോരഗ്രാമങ്ങളില്‍ വന്യജീവി ആക്രമണത്തില്‍ മരണം ആറായി. കണമലയില്‍ കാട്ടുപോത്ത് കുത്തി രണ്ടു പേരും തുലാപ്പള്ളിയില്‍ കാട്ടാന കുത്തി ഒരാളും ഉള്‍പ്പെടെ മൂന്നു കര്‍ഷകരുടെ ജീവന് നഷ്ടമായി.
തിങ്കളാഴ്ച വൈകുന്നേരം പെരുവന്താനം ചെന്നാപ്പാറയില്‍ നാലാമത്തെ മരണം. ഇതുകൂടാതെ വനംകുളവി കുത്തി തുമരംപാറയില്‍ അമ്മയും മകളും മരിച്ചതും മറ്റൊരു ദുര്‍വിധി. വന്യമൃഗ ആക്രമണത്തില്‍ മരണം സംഭവിക്കുമ്പോഴൊക്കെ പ്രതിഷേധത്തിനൊടുവില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി വിവിധ സര്‍ക്കാര്‍ വകുപ്പുകാര്‍ കളം കാലിയാക്കും. അതില്‍തന്നെ കേന്ദ്രവിഹിതമാണ് അഞ്ചുലക്ഷം. സര്‍ക്കാര്‍ വിഹിതമായ അഞ്ചു ലക്ഷം മാസങ്ങള്‍ വൈകിയേ നല്‍കൂ.
സമാന ദുരന്തമുണ്ടായ വീടുകളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന മോഹനവാഗ്ദാനം കണമലയിലും തുലാപ്പള്ളിയിലും കളക്ടറും ജനപ്രതിനിധികളും നല്‍കിയിരുന്നു.
വീടിന്റെ അത്താണിയെ നഷ്ടപ്പെട്ട ജീവിക്കാന്‍ ദുരിതപ്പെടുന്ന വീടുകളില്‍ ഒരാള്‍ക്കുപോലും ജോലി കിട്ടിയിട്ടില്ല. വനംവകുപ്പില്‍ താത്കാലിക വാച്ചര്ജോലിയാണ് അപൂര്‍വമായി വച്ചുനീട്ടുന്ന തൊഴില്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കാടുകയറ്റിവിടാനും മൃഗങ്ങളുടെ മറ്റൊരു ആക്രമണത്തെ നേരിടാനുമാണ് വനംവകുപ്പിന്റെ കുതന്ത്രം.
അധികാരികള്ക്കുണ്ടായില്ല കരുതലും കരുണയും
വീട്ടില്‍ വരുന്നവരോടും ബന്ധുക്കളോടുമൊക്കെ ചെന്നാപ്പാറ കൊമ്പന്‍പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ പറയുമായിരുന്നു ഏതു നിമിഷവും കാട്ടാനയുടെ ആക്രമണമുണ്ടാകുമെന്ന്.
പള്ളിക്കത്തോട്ടില്നിന്നു മകളുടെ അധ്യാപകര്‍ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വീട്ടുമുറ്റത്തും തൊട്ടരുകിലും കാട്ടാന വന്നുപോകുന്ന ഭീതികരമായ സാഹചര്യം സോഫിയയും മകള്‍ ആമിനയും വിവരിക്കുന്നത് ടിവി ചാനലുകളില്‍ ഇന്നലെ പലതവണ ടെലികാസ്റ്റ് ചെയ്തിരുന്നു.
ആനയും കടുവയും പുലിയും വിളിപ്പാടകലെ പാര്‍ക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ സുരക്ഷ നല്‍കണമെന്ന് ഈ കുടുംബം വനപാലകരോടും പഞ്ചായത്ത് അധികൃതരോടും പലതവണ യാചിച്ചിരുന്നു.
സുരക്ഷിതമായിരിക്കാനും സൂക്ഷിച്ചുപോകാനുമൊക്കെയായിരുന്നു വനപാലകരുടെ നിരുത്തരാവാദിത്വ മറുപടി. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് കടന്ന് മൂന്നു കിലോമീറ്റര്‍ പിന്നിട്ടുവേണം ഈ കുടുംബത്തിന് പുറംലോകത്തെത്താന്‍.
ചെന്നാപ്പാറയില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങിയതായ വിവരം ആനക്കൊലയുണ്ടായ തിങ്കളാഴ്ചയും നാട്ടുകാര്‍ വനപാലകരെ അറിയിച്ചിരുന്നു. രണ്ടു താത്കാലിക വാച്ചര്‍മാര്‍ സ്ഥലത്ത് വന്നുപോയതല്ലാതെ ജാഗ്രതയുണ്ടായില്ല. അവരെത്തുമ്പോഴും വിളിപ്പാടകലെ ആന നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
പുലിപ്പേടി മാറും മുന്‍പേ കാട്ടാന ജീവനെടുത്തു
സോഫിയ വീടിനു സമീപം മുന്‍പും പുലിയെ കണ്ടിട്ടുണ്ട്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലും മതമ്പ വനത്തിലും പുലിയുണ്ടെന്ന് മൂന്നു വര്‍ഷം മുന്‍പ് നാട്ടുകാരെ അറിയിച്ചതും സോഫിയയാണ്.
പുല്ലു ചെത്താന്‍ പോയപ്പോള്‍ പാറയുടെ ചെരുവില്‍ പുലി കിടക്കുന്നത് കണ്ട് ഓടി വീട്ടിലെത്തുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് എസ്റ്റേറ്റിലെ വനിതാ ടാപ്പിംഗ് തൊഴിലാളി റബര്‍ ചുവട്ടില്‍ കടുവയെ കണ്ട് ഓടി വീണു കാലിനു പരിക്കേറ്റു.
രണ്ടു വര്‍ഷം മുന്‍പ് സോഫിയ കാട്ടാനയുടെ മുന്നില്‍പെട്ടെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുറ്റത്തേക്കിറങ്ങിയാല്‍ സമീപത്തെ തോട്ടങ്ങളിലൂടെ എട്ടും പത്തും കാട്ടാനകള്‍ ഓടുകയും മേയുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാഴ്ച ഇവര്‍ പതിവായി കണ്ടിരുന്നു.