ഗതാഗതം തടസപ്പെടുത്തി സമ്മേളനം; എം.വി. ഗോവിന്ദന് ഹാജരായി
Thursday, February 13, 2025 3:15 AM IST
കൊച്ചി: വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി ഏരിയാ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി.
ഇനിയും ഹാജരാകുന്നതില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന ഗോവിന്ദന്റെ ആവശ്യം അനുവദിച്ച കോടതി, വഞ്ചിയൂര്‍ സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി.
റോഡും നടപ്പാതയും അടച്ചുകെട്ടി യോഗങ്ങളും പ്രതിഷേധങ്ങളും മറ്റു പരിപാടികളും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസുമാരായ അനില്‍. കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദേശം നല്കി.
ഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങളും മറ്റു പരിപാടികളും നടത്തിയത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി മരട് സ്വദേശി എന്‍. പ്രകാശ് നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.