പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: വോക്കൗട്ട് പ്രസംഗത്തിന്റെ സമയത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വോക്കൗട്ട് പ്രസംഗം തുടങ്ങി ഒൻപതു മിനിറ്റായപ്പോൾ സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ടതോടെയാണ് ഇരുവരും തർക്കം തുടങ്ങിയത്.
പ്രസംഗം വേഗത്തിൽ തീർക്കണമെന്നു പ്രതിപക്ഷ നേതാവിനോട് സ്പീക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സന്തോഷത്തിനാണോ സ്പീക്കർ ഇടപെടുന്നതെന്നും താൻ പ്രസംഗം നിർത്തിയാൽ മുഖ്യമന്ത്രിക്ക് സന്തോഷമാകുമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ ക്ഷുഭിതനായ സ്പീക്കർ പ്രതിപക്ഷനേതാവ് ഇങ്ങനെയൊന്നും സഭയിൽ സംസാരിക്കരുതെന്നും ചെയറിനെ റൂൾ ചെയ്യരുതെന്നും പറഞ്ഞു.
അടിയന്തരപ്രമേയ നോട്ടീസ് മറുപടിക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷത്തിനു നേർക്ക് ക്ഷുഭിതനായി. നോട്ടീസിന് രണ്ടാം മറുപടിക്ക് എഴുന്നേറ്റപ്പോൾ പ്രതിപക്ഷ ഭാഗത്തുനിന്ന് ബഹളം ഉയർന്നതോടെയാണ് മുഖ്യമന്ത്രി കയർത്തത്. സ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് പറഞ്ഞാൽ അത് യഥാർഥ ചിത്രമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.