വനം മന്ത്രി രാജിവയ്ക്കണം: മാര്‍ ഇഞ്ചനാനിയില്‍
Thursday, February 13, 2025 3:15 AM IST
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. പാറത്തോട് മലനാട് ഡെവലപ്മെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളെ തമസ്കരിക്കുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളില്‍ നടന്നുവരുന്നത്. മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശമില്ലേ? നഗരത്തില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ജീവിക്കാന്‍ അവകാശമുള്ളോ? വന്യമൃഗ ആക്രമണം തടയാനുള്ള ഉത്തരവാദിത്വം വനപാലകര്‍ക്കാണ്.
പകരം, കര്‍ഷകരെ ആക്രമിക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇവിടെയൊരു സര്‍ക്കാരുണ്ടോയെന്നും ഇവിടെയൊരു ഭരണ സംവിധാനം ഉണ്ടോയെന്നും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടോയെന്നുമറിയണം.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഒരുമിച്ചു മുന്നേറണമെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.