അമ്മയുടെ മരണകാരണം പിതാവിന്റെ മര്‍ദനം; മകളുടെ മൊഴിയെ തുടര്‍ന്ന് കല്ലറ പൊളിച്ചു പരിശോധന
Thursday, February 13, 2025 3:15 AM IST
ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണം കൊലപാതകമാണെന്ന മകളുടെ മൊഴിയെത്തുടർന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്കയച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സബ് കളക്ടര്‍ സമീര്‍ കിഷന്, എഎസ്പി ഹരീഷ് ജയിന്, തഹസില്‍ദാര്‍ കെ.ആര്. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണ്‍, എസ്ഐ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വി.സി. സജി (48) ഞായറാഴ്ച രാവിലെ 7.30നാണു മരിച്ചത്. തുടര്‍ന്ന് വൈകുന്നേരം മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിച്ചു.
പിതാവിന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്നു മകള്‍ മീഷ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണു അന്വേഷണമാരംഭിക്കുന്നത്. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി മീഷ്മയ്ക്ക് സംരക്ഷണം നല്കി സോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലമായി പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിക്കുന്നതടക്കമുള്ള അതിക്രൂര മര്‍ദനങ്ങള്‍ അമ്മ നേരിട്ടതായും രക്തം വാര്‍ന്നു കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മകള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
അമ്മയെ പിതാവ് മര്‍ദിക്കുന്നതിന് മകള്‍ സാക്ഷിയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സോണിയുടെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനാണ് സജിയെ മര്‍ദിച്ചിരുന്നതെന്ന് മകള്‍ നല്കിയ പരാതിയിലുണ്ട്.
തന്റെ കടയിലെ ജീവനക്കാരിയുമായുള്ള സോണിയുടെ അടുപ്പത്തെത്തുടര്‍ന്ന് ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നു. ഇതിനെച്ചൊല്ലി വഴക്കിട്ടപ്പോഴാണ് സോണി സജിയെ ക്രൂരമായി മര്‍ദിച്ചതെന്നാണ് മകളുടെ മൊഴി.
ജനുവരി എട്ടിനാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ സജിയെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാല്‍ അമ്മയെ പിതാവ് മർദിച്ച കാര്യം അന്ന് മീഷ്മ പറഞ്ഞിരുന്നില്ല. പകരം സ്റ്റെയറില്നിന്നു വീണതാണെന്നാണു പറഞ്ഞത്. അമ്മയുടെ ചികിത്സ മുടങ്ങുമെന്ന ഭയത്തിലായിരുന്നു ഇപ്രകാരം പറഞ്ഞത്.
രണ്ടു മക്കളാണ് സജിക്കുള്ളത്. മകന് വിദേശത്താണ്. സോണിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലായിരിക്കും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുക.