വിഴിഞ്ഞത്തിന്റെ പേരിലൊരു പോര്
Thursday, February 13, 2025 3:15 AM IST
സാബു ജോണ്
തിരുവനന്തപുരം: വിഴിഞ്ഞം ആരുടെ കുഞ്ഞാണെന്ന തർക്കം പൊരിഞ്ഞ പോരിലാണു കലാശിച്ചത്. പൊതുവേ സൗമ്യരെന്നു പേരു കേൾപ്പിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥും പോലും നിയന്ത്രണം വിട്ടു പോരിനിറങ്ങിയപ്പോൾ നിയമസഭ അൽപ്പസമയത്തേക്ക് എങ്കിലും സഭ ബഹളത്തിൽ മുങ്ങി.
ബജറ്റ് പുസ്തകത്തിന്റെ കവറിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ചിത്രം ചേർത്തത് സ്വന്തമായി ചെയ്ത ഒന്നുമില്ലാത്തതു കൊണ്ടാണെന്നു പി.സി. വിഷ്ണുനാഥ് പരിഹസിച്ചിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബാലഗോപാൽ അന്നു വിഴിഞ്ഞത്തിനായി ഇടതുസർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു.
വിഴിഞ്ഞം തുറമുഖം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് താൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു കാലത്ത് തങ്ങളുടെ യുവജനപ്രസ്ഥാനം സമരം ചെയ്ത കാര്യവും മന്ത്രി ഓർമിച്ചെടുത്തു. ഇതോടെ പ്രതിപക്ഷം ബഹളവുമായി ചാടിയെണീറ്റു.
വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എൽഡിഎഫുകാർക്കു വിട്ടുകൊടുക്കാൻ യുഡിഎഫുകാരുടെ അഭിമാനബോധം അനുവദിക്കില്ലല്ലോ. തന്റേടമുള്ള സർക്കാർ അധികാരത്തിൽ വന്നതു കൊണ്ടാണ് വിഴിഞ്ഞം യാഥാർഥ്യമായതെന്നും ബാലഗോപാൽ പറഞ്ഞു. നമുക്ക് ഒരുമിച്ചു വിഴിഞ്ഞത്തെ നന്നായി മുന്നോട്ടു കൊണ്ടു പോകണമെന്നു പറഞ്ഞു ബാലഗോപാൽ ഒടുവിൽ സമവായപാതയിലേക്കു നീങ്ങിയതോടെ ബഹളം ശമിച്ചു.
കെഎസ്ആർടിസിയെ വിറ്റുതുലയ്ക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ കേരളത്തിലുണ്ടായിട്ടുണ്ടെന്നും അതു തങ്ങളുടെ മുഖ്യമന്ത്രി അല്ലെന്നും ധനമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടപെട്ടു. രേഖയിൽ കിടക്കുന്ന പരാമർശമായതു കൊണ്ടാണ് താൻ ഇടപെടുന്നതെന്നു പറഞ്ഞ സതീശൻ, ഏതു മുഖ്യമന്ത്രിയാണ് അങ്ങനെ പറഞ്ഞതെന്നു ചോദിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയരുതെന്നും സതീശൻ പറഞ്ഞു. പതിവില്ലാത്ത രീതിയിൽ ബാലഗോപാൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ചു വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് പി.സി. വിഷ്ണുനാഥും പറഞ്ഞു.
പ്രതിപക്ഷ മെംബർമാരുടെ മണ്ഡലങ്ങളെ അവഗണിക്കുന്നു എന്ന പരാതി ചർച്ചയിലുടനീളം ഉയർന്നിരുന്നു. അതു വാസ്തവമല്ലെന്ന് ബാലഗോപാൽ പറഞ്ഞു കൊണ്ടിരുന്നെങ്കിലും പ്രതിപക്ഷത്തിനു മന്ത്രിയുടെ വാക്കുകളും ഉറപ്പുകളും തൃപ്തി നൽകിയില്ല. പ്രതിപക്ഷത്തെ പി.കെ. ബഷീർ പലപ്പോഴും പൊട്ടിത്തെറിക്കുന്നതും കാണാമായിരുന്നു.
റബറിന്റെയും നെല്ലിന്റെയും കാര്യത്തിൽ കൂടുതൽ പരിഗണന വേണമെന്ന ആവശ്യം ഭരണപക്ഷത്തു നിന്നും ഉയർന്നിരുന്നു. മറുപടി പ്രസംഗത്തിൽ എന്തെങ്കിലും പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നെല്ലിനും റബറിനും വേണ്ടതു ചെയ്യുമെന്നു മന്ത്രി പല തവണ പറഞ്ഞെങ്കിലും എന്താണു ചെയ്യാൻ പോകുന്നതെന്നു മാത്രം പറഞ്ഞില്ല.
കഴിഞ്ഞ ബജറ്റിൽ പറഞ്ഞ മന്ത്രിയുടെ പ്ലാൻ ബിയുടെ കാര്യവും ഇതു തന്നെ. പ്ലാൻ ബിയേക്കുറിച്ചു മന്ത്രി പല തവണ പറഞ്ഞു. എന്താണു മന്ത്രിയുടെ പ്ലാൻ എന്നു കേട്ടിരുന്നവർക്കു മനസിലായില്ലെന്നു മാത്രം. അതു പ്ലാൻ ബി അല്ല പ്ലാൻ സി ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നു പറഞ്ഞാൽ പ്ലാൻ കട്ട് അഥവാ പദ്ധതി വെട്ടിച്ചുരുക്കൽ.
കിഫ്ബിയെക്കുറിച്ചു പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കളത്തിലിറങ്ങി. സതീശൻ പറഞ്ഞതെല്ലാം വാസ്തവവിരുദ്ധമാണെന്നാണു മുഖ്യമന്ത്രി പറഞ്ഞതിന്റെ ചുരുക്കം. അതിനുള്ള മറുപടി പുറത്തു പറഞ്ഞു കൊള്ളാമെന്നു സതീശനും പറഞ്ഞു.
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ഒരു വാചകത്തിന്റെ വ്യാകരണത്തിലായിരുന്നു പി.കെ. ബഷീറിനു സംശയം. സമയത്തു കൊടുക്കാത്തതിനെയാണല്ലോ കുടിശിക എന്നു പറയുന്നത്. അപ്പോൾ പിന്നെ കുടിശിക സമയബന്ധിതമായി കൊടുത്തു തീർക്കും എന്നു പറയുന്നതെങ്ങനെ ശരിയാകും എന്നായിരുന്നു ബഷീറിന്റെ ചോദ്യം.