വിവരാവകാശ അപേക്ഷ തീർപ്പാക്കിയില്ലെങ്കിൽ നടപടി
Thursday, February 13, 2025 3:15 AM IST
കൊച്ചി: വിവരാവകാശ നിയമപ്രകാരം ലഭ്യമായ അപേക്ഷകളില്‍ വിവരം നല്‍കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്. സംസ്ഥാന വിവരാവകാശ കമ്മീഷന് ജില്ലകളില്‍ നടത്തുന്ന അദാലത്തിന്റെ ഭാഗമായി നടന്ന സിറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. അറിയാനുള്ള അവകാശം എന്നാല്‍ ജീവിക്കാനുള്ള അവകാശം കൂടിയാണ്. വിവരാവകാശ നിയമപ്രകാരം ഓഫീസുകളില്‍ സൂക്ഷിക്കേണ്ട രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. വിവരാവകാശ കമ്മീഷന് സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന നടത്തും. ലഭ്യമായ അപേക്ഷകളില്‍ പെട്ടെന്നു തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കണം.
ചെലവില്ലാതെ അവകാശപ്പെട്ട നീതി ലഭ്യമാക്കുകയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കു നിശ്ചിത ദിവസത്തിനുള്ളില്‍ വിവരം ലഭ്യമാക്കുന്നതിനുള്ള നടപടി ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.