വന്യജീവി ആക്രമണം: വയനാടിന് 50 ലക്ഷം അനുവദിച്ചു
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്തനിവാരണ വകുപ്പാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
ഈ തുക വനാതിർത്തി പ്രദേശത്തെ അടിക്കാടുകൾ വെട്ടിത്തെളിക്കാനും ഉപയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഇന്നലെ ചേർന്ന ദുരന്തനിവാരണ അഥോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പണം അനുവദിക്കാൻ തീരുമാനിച്ചത്. പണം അനുവദിക്കണമെന്നു ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ വന്യജീവി ആക്രമണം നേരിടാൻ പ്രത്യേക ആക്ഷൻ പ്ലാൻ അടിയന്തരമായി നടപ്പാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും.
പാലക്കാട്ട് മാത്രം 730 കാട്ടുപന്നികളെയാണ് തദ്ദേശ സ്ഥാപനങ്ങൾ വഴി ഇല്ലാതാക്കിയത്. പഞ്ചായത്തുകൾ വിചാരിച്ചാൽ കാട്ടുപന്നി ശല്യം പൂർണമായി ഒഴിവാക്കാനാവും. ജനങ്ങളുമായി ചേർന്ന് ഫലപ്രദമായി തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.