വനവിഭവങ്ങൾക്കായി പോയ ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്നു
Wednesday, February 12, 2025 2:42 AM IST
വനവിഭവങ്ങൾ ശേഖരിക്കാൻ പോകവേയാണ് മടത്തറ ശാസ്താനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശി ബാബുവിനെ (54) ആന ചവിട്ടിക്കൊന്നത്.
നാലു ദിവസം മുമ്പ് ശാസ്താനടയിൽനിന്നു വനത്തിലേക്കു പോയ ബാബുവിനെ കാണാനില്ലായിരുന്നു. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട അടിപ്പറമ്പ് ശാസ്താംനടയ്ക്കു സമീപമുള്ള വനത്തിൽ ബാബുവിന്റെ വസ്ത്രങ്ങളും വലയും കണ്ടിരുന്നു.
തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണു സമീപത്തെ ചാലിനു സമീപം ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടത്. ബാബുവിന്റെ കഴുത്തിനാണു കാട്ടാനയുടെ ചവിട്ടേറ്റത്. തുടർന്ന് തുമ്പിക്കൈയിൽ തൂക്കിയെടുത്ത് മരത്തിൽ അടിക്കുകയായിരുന്നു.
ശാസ്താംനടയിൽനിന്ന് അടിപ്പറമ്പിൽ എത്താനുള്ള എളുപ്പമാർഗമാണു വനത്തിലൂടെയുള്ള ഈ വഴി. ഈ സ്ഥലത്ത് സ്ഥിരമായി കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ശല്യം ഉണ്ടാകാറുണ്ട്. പ്രധാന വഴിയിൽനിന്ന് എട്ടു കിലോമീറ്റർ വനത്തിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പാലോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ഭാര്യ: ശോഭന.