വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നു തള്ളുമ്പോൾ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടി വനംവകുപ്പ്
Thursday, February 13, 2025 3:15 AM IST
സി.കെ. കുര്യാച്ചൻ
കോട്ടയം: അനുദിനമെന്നോണം വന്യജീവികൾ മനുഷ്യരെ കൊന്നുതള്ളുമ്പോൾ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുകയാണ് വനംവകുപ്പ്. എന്നാൽ വന്യജീവി ആക്രമണം തടയാൻ ലക്ഷ്യമിട്ടുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾക്ക് യാതൊരു മുൻഗണനയും നൽകാതെയാണ് വാഹനംവാങ്ങലെന്ന് കണക്കുകൾ തെളിയിക്കുന്നു.
2014 മുതലുള്ള 10 വർഷം വാങ്ങിക്കൂട്ടിയത്. 222 വാഹനങ്ങൾ. അതിൽ റാപ്പിഡ് റെസ്പോൺസ് ടീമുകൾക്ക് (ആർആർടി) കിട്ടിയത് 14 എണ്ണം മാത്രം. ഈ പത്തു വർഷങ്ങളിലാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്.
സർക്കാർ നിഷ്ക്രിയമാണെന്നും കൃത്യമായ പ്രതിരോധനടപടികൾ സ്വീകരിക്കുന്നില്ലെന്നുമുള്ള പരാതികൾ ഉയരുമ്പോഴൊക്കെ വനം മന്ത്രി അടക്കമുള്ളവർ നിയമസഭക്കകത്തും പുറത്തും പറഞ്ഞിരുന്നത് ഫെൻസിംഗും ട്രെഞ്ചും കൂടാതെ കൂടുതൽ റാപ്പിഡ് റെസ്പോൺസ് ടീമുകളെ ഓരോ ഡിവിഷനിലും നിയോഗിച്ചിട്ടുണ്ടന്നും വാഹനങ്ങളും ആയുധവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടന്നുമാണ്. അതുകൊണ്ടാണ് വന്യമൃഗ ആക്രമണങ്ങൾ കുറഞ്ഞുവരുന്നത് എന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാൽ ഈ കാലഘട്ടത്തിൽ വനം വകുപ്പിൽ എത്ര വാഹനങ്ങൾ പുതിയതായി വാങ്ങിയിട്ടുണ്ടന്നും അതിൽ എത്രയെണ്ണം ആർആർടിക്ക് വേണ്ടിയാണെന്നുമുള്ള വിവരാവകാശ ചോദ്യത്തിന് ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ് ഭാരവാഹിക്കു ലഭിച്ച മറുപടിയിലാണ് വനം വകുപ്പിന്റെ ധൂർത്തും ആഡംബരവും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്.
2014 -2024 വർഷം വനം വകുപ്പ് വാങ്ങിയിരിക്കുന്നത് ആകെ 222 വാഹനങ്ങൾ. അതിനായി മുടക്കിയ തുക 21.19 കോടി രൂപ. അതിൽ ആർആർടിക്ക് വേണ്ടി വാങ്ങിയത് 14 വാഹനങ്ങൾ മാത്രം. വനാതിർത്തിയിൽ കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ പണമില്ലാത്തതിന്റെ പേരിൽ കടം വാങ്ങാൻ ഒരുങ്ങുന്നു എന്ന വർത്തകൂടി കൂട്ടിവായിക്കുമ്പോഴാണ് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പ്രാഥമികമായ കടമ മറന്നുകൊണ്ടുള്ള ഈ ധൂർത്തിന്റെ വ്യാപ്തി മനസിലാക്കേണ്ടത്.
222 വാഹനങ്ങളുടെ വിശദാംശങ്ങൾ ഇങ്ങനെ
വാഹനം എണ്ണം തുക രൂപയിൽ
ഫോഴ്സ് ഗൂർഖ 20 2,73,11,325
ഇന്നോവ 32 3,64,00,099
മഹേന്ദ്ര ബൊലേറോ 31 2,35,57,242
മഹേന്ദ്ര സ്കോർപിയോ 40 4,11,01,380
മഹേന്ദ്ര താർ 78 5,62,29,881
മഹേന്ദ്ര മറാസോ 1 13,90,511
മാരുതി സിയാസ് 6 51,16,260
ടാറ്റ സഫാരി 4 74,48,992
ടാറ്റ യോദ്ധ 8 74,86,200
ഫയർ റെസ്പോൻഡർ 2 58,82,228
ആകെ 222 21,19,24,118