അന്താരാഷ്ട്ര തട്ടിപ്പുകാരന് പിടിയില്‍
Thursday, February 13, 2025 3:15 AM IST
കാസര്‍ഗോഡ്: 2.23 കോടി ഓണ്‍ലൈന്‍ നിക്ഷേപ വാഗ്ദാനത്തിലൂടെ തട്ടിയെടുത്ത കേസില്‍ അന്താരാഷ്ട്ര തട്ടിപ്പുകാരന് കാസര്‍ഗോഡ് പോലീസിന്റെ പിടിയില്‍. പയ്യന്നൂര്‍ കവ്വായി സ്വദേശി എ.ടി. മുഹമ്മദ് നൗഷാദ് (45) ആണ് അറസ്റ്റിലായത്.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍.
കാസര്‍ഗോഡ് സ്വദേശിയായ ഡോക്ടര്‍ ആണു പരാതിക്കാരന്. ഇദ്ദേഹത്തിന്റെ ഭാര്യക്ക് വീട്ടിലിരുന്നുള്ള ജോലി വാഗ്ദാനം ചെയ്ത് 2024 മേയ് 17 മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളിലായി ടെലഗ്രാം വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ട് 2,23,94,993 തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ് നൗഷാദെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസ് പറഞ്ഞു. രണ്ടു കോടിയില്‍ അധികമുള്ള തട്ടിപ്പുകേസ് ആയതിനാലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ടെലഗ്രാം വഴി ഓണ്‍ലൈന്‍ ട്രേഡിംഗിലുടെ അമിതലാഭം വാഗ്ദാനം ചെയ്താണ് ഇയാള്‍ ഇരകളെ വീഴ്ത്തുന്നത്. കേരളത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ 2024ല്‍ മുംബൈ പോലീസ് ചമഞ്ഞു വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതിയായ നൗഷാദിനെ പയ്യന്നൂര്‍ സ്റ്റേഷനില്‍ രണ്ടു സമാന കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കണ്ണൂര്‍ പെരിങ്ങോം, കാസര്‍ഗോഡ് കുമ്പള പോലീസ് സ്റ്റേഷനുകളിലും പണം തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാള്‍ മറ്റു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സൈബര്‍ തട്ടിപ്പു സംഘവുമായി ബന്ധമുള്ള ഇയാള്‍ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. കാസര്‍ഗോഡ് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഇന്നലെ ഉച്ചയ്ക്ക് മാങ്ങാട് വച്ചാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.