വനം മന്ത്രിയെ പുറത്താക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
Thursday, February 13, 2025 3:15 AM IST
കൊച്ചി: വന്യമൃഗ ആക്രമണത്തിൽ ഓരോ ദിവസവും മനുഷ്യർ കൊല്ലപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന വനംമന്ത്രിയെ മന്ത്രിസഭയിൽനിന്ന് ഉടൻ പുറത്താക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
സർക്കാരിന്റെ അനാസ്ഥയുടെ ഏറ്റവും വലിയ തെളിവുകളാണ് വയനാട്ടിലും മറ്റു മലയോര മേഖലകളിലും ഈ ദിവസങ്ങളിലുണ്ടായ വന്യമൃഗ ആക്രമണങ്ങളും ദാരുണ മരണങ്ങളും.
വനം -വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ഫലപ്രദമായി ഉപയോഗിച്ച് വന്യജീവി ആക്രമണം തടയാമെന്നിരിക്കെ അതിനു തയാറാകാതെ ലളിതമായ മാർഗങ്ങൾ മാത്രം അവലംബിച്ചുകൊണ്ട് കേരളത്തിന്റെ മലയോരമേഖല നേരിടുന്ന വന്യജീവി ആക്രമണ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാനാകില്ല.
ജനവാസമേഖലയിൽ ഇറങ്ങിയ മുഴുവൻ കാട്ടാനകളെയും വനത്തിനുള്ളിലേക്ക് തിരിച്ചയക്കാനും വീണ്ടും ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാനും പ്രത്യേക പ്രതിരോധ സേനയെ സംസ്ഥാനത്തു വിന്യസിക്കണം. അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ മലയോരമേഖല അതിരൂക്ഷ പ്രതിഷേധവേദിയായി മാറുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.