കേരളത്തിൽ മയക്കുമരുന്നു വ്യാപനമുണ്ട്, നടപടികൾ ശക്തമാക്കുമെന്ന് എം.ബി. രാജേഷ്
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനമുണ്ടെന്നും ഇക്കാര്യത്തിൽ നിയമനടപടികൾ കൂടുതൽ കർശനമാക്കുമെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ്.
സംസ്ഥാനത്ത് ലഹരി ഉപയോഗവും അതോടനുബന്ധിച്ചുള്ള അതിക്രമ സംഭവങ്ങളും വ്യാപകമാകുന്നതിൽ കർശന ഇടപെടൽ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം വർധിക്കുന്നുണ്ട്. എന്നാൽ, മയക്കുമരുന്ന് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ല. മയക്കുമരുന്ന് വ്യാപനത്തെ അതീവഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇന്ത്യയിലേക്കു വൻതോതിൽ മയക്കുമരുന്ന് എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കും മയക്കുമരുന്ന് എത്തുന്നുണ്ട്. ലോകമാകെയും മയക്കുമരുന്ന് വ്യാപനം വലിയ വിപത്തുകൾ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓണ് ഡ്രഗ്സ് അൻഡ് ക്രൈംസിന്റെ കണക്കുകൾ പ്രകാരം 2011 മുതൽ 2021 വരെയുള്ള പത്ത് വർഷത്തിനിടയിൽ ലോകത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി പറയുന്നു.
2011 ൽ ലോകത്ത് 24 കോടി പേരായിരുന്നു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെങ്കിൽ 2021 ആയപ്പോഴേക്കും അത് 29.6 കോടി ആയി ഉയർന്നു. മയക്കുമരുന്ന് ഉപയോഗം ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടെന്നാണ് ഇതു കാണിക്കുന്നത്. ഇന്ത്യയിലും ലഹരിയുടെ ഉപയോഗം ഇക്കാലയളവിൽ വൻതോതിൽ വർധിച്ചു. എന്നാൽ ദേശീയ തലത്തിൽ മയക്കുമരുന്ന് ഉപഭോഗത്തിൽ കേരളം ഏറ്റവും പിന്നിലാണ്.
വ്യാപനം കൂടുന്നുണ്ടെങ്കിലും കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ല. 2024 ൽ 25000 കോടി രൂപയുടെ മയക്കുമരുന്നാണ് ഇന്ത്യയിൽ പിടികൂടിയത്. 2023 ൽ ഇത് 16100 കോടിയായിരുന്നു. ഇക്കാലയളവിൽ കേരളത്തിൽനിന്നു പിടികൂടിയത് 60 കോടി രൂപയുടെ മയക്കുമരുന്നാണ്.
മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് കർശന നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമർശനം വസ്തുതാപരമല്ല. സ്കൂൾ പരിസരങ്ങളിലെ പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്.
2023 ൽ 10,761 പരിശോധനകളാണ് ഇത്തരത്തിൽ നടത്തിയതെങ്കിൽ 2024 ൽ 32,846 പരിശോധനകൾ നടത്തി. അതിനു പുറമേ 24,517 പേരെ 2024 ൽ അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് കേരളത്തിലാണ്. ഇതിൽ 98.9 ശതമാനം പേരുംശിക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.