നഴ്സിംഗ് കോളജ് റാഗിംഗ്; വിദ്യാർഥികൾ റിമാൻഡിൽ
Thursday, February 13, 2025 3:15 AM IST
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിനു കീഴിലുള്ള ഗവണ്മെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ റാഗിംഗ് നടന്ന സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർഥികൾ റിമാൻഡിൽ.
ഒന്നാം വർഷ വിദ്യാർഥികളെ മാസങ്ങളായി റാഗിംഗിനു വിധേയമാക്കിയ സീനിയർ വിദ്യാർഥികളായ അഞ്ചു പേരാണ് റിമാൻഡിലായത്. മൂന്നാം വർഷ വിദ്യാർഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), വയനാട് നടവയല്‍ ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് ഭാഗത്ത് കച്ചേരിപ്പടി റിജില്‍ജിത്ത് (20), മലപ്പുറം വണ്ടൂര്‍ കരുമാറ്റപ്പറ്റ രാഹുല്‍ രാജ് (22), കോട്ടയം കോരുത്തോട് മടുക്ക, നെടുങ്ങാട് വിവേക് (21) എന്നിവരാണ് റിമാൻഡിലായത്.
കഴിഞ്ഞ നവംബര്‍ മുതല്‍ ഇവര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ അതി ക്രൂരമായി റാഗിംഗിനു വിധേയമാക്കി വരുകയായിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ക്രൂരമായ റാഗിംഗ് നടന്നത്. ഒന്നാം വർഷ വിദ്യാര്‍ഥികളെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി പരിക്കേൽപ്പിക്കുക, കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് നടത്തിയിരുന്നത്. കോമ്പസ് കൊണ്ട് കുത്തിയതിനെത്തുടർന്ന് ശരീരമാസകലമുണ്ടായ മുറിവുകളിലും വായിലും ലോഷന്‍ ഒഴിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നുണ്ട്. പേസ്റ്റും വിദ്യാർഥികളുടെ ദേഹത്ത് തേച്ച് പിടിപ്പിച്ചിരുന്നു.
ക്രൂരപീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ചദിവസങ്ങളിൽ ഒന്നാം വർഷ വിദ്യാർഥികൾ 800 രൂപ മദ്യം വാങ്ങാൻ സീനിയർ വിദ്യാർഥികൾക്ക് നൽകണമെന്നു നിബന്ധനയുണ്ടായിരുന്നു.
പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ വിദ്യാര്‍ഥികൾ മാതാപിതാക്കളെ വിവരമറിയിച്ചതോടെ രക്ഷിതാക്കളുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ പ്രിൻസിപ്പലിനും ഗാന്ധിനഗര്‍ പോലീസിലും പരാതി നല്കി. തുടർന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വിശദമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.