നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
Wednesday, February 12, 2025 2:42 AM IST
കൊച്ചി: എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഭാര്യയുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസ് ഡയറി ഹാജരാക്കാനും ഡിവിഷന് ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്കി.
വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നതടക്കം ആരോപിച്ച് ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വാദം പൂര്‍ത്തിയാക്കിയത്.
നേരത്തേ ഹര്‍ജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. എസ്. ശ്രീകുമാര്‍, സിബിഐ അന്വേഷണമില്ലെങ്കില്‍ ക്രൈബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാലും മതിയെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ അഭിഭാഷകനു പകരം മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാറാണ് കോടതിയില്‍ ഹാജരായി വാദം നടത്തിയത്.
നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാകാമെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം തയാറാകുന്നില്ലെന്ന് അഡ്വ. രാംകുമാര്‍ വാദിച്ചു. പ്രഥമ വിവര മൊഴികളും എഫ്ഐആറിലെ വിവരങ്ങളും സംബന്ധിച്ച് പൊരുത്തക്കേടുകളുണ്ടെന്നും ഹര്‍ജിക്കാരി വാദിച്ചു.