കേരള പോലീസ് ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച സ്ഥിതിയില്
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പോലീസ് അതിക്രമങ്ങളും വീഴ്്ചയും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച നിലയിലാണ് കേരളാ പോലീസെന്നു പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ എ.എൻ. ഷംസീർ തള്ളി. പോലീസിന്റെ ചെറിയ വീഴ്ചകളെ പർവതീകരിച്ചു കാണിച്ച് പോലിസിനെതിരേ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കിയതിനു പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഏരിയാ സമ്മേളനവും ലോക്കൽ സമ്മേളനവും നടക്കുന്നതു പോലെയാണു ഗുണ്ടകളുടെ സമ്മേളനങ്ങൾ നടക്കുന്നതെന്നു വോക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പൊതുനിരത്തിൽ വരെ ഗുണ്ടകൾ ഒത്തുകൂടി ജന്മദിന പാർട്ടി നടത്തുന്നു. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രിയാണ്. ഗുണ്ടകൾ നടത്തുന്ന പാർട്ടികളുടെ മുഖ്യാതിഥികൾ ചില പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്.
പാലക്കാട് കൊലപാതകക്കേസിലെ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ച് ഒന്നരമാസം അവിടെ താമസിച്ച് ബാക്കി രണ്ടു പേരെ കൂടി കൊന്നത് പോലീസിന്റെ വീഴ്ചയാണ്. പത്തനംതിട്ടയിൽ വഴിയരികിൽ നിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി പോലീസ് അടിച്ചോടിക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എൻ. ഷംസുദ്ദീൻ കുറ്റപ്പെടുത്തി. പാലക്കാട് നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിലിറങ്ങി നടത്തിയ കൊലപാതകം ഉൾപ്പെടെ പോലീസിന്റെ വീഴ്ചകൾ ഷംസുദ്ദീൻ നോട്ടീസിൽ വിവരിച്ചു.
നെൻമാറയിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കണം. പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിനെതിരേ കുടുംബം നൽകിയ പരാതിയിൽ പോലീസ് ഒരു നടപടിയും എടുത്തില്ലെന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
നെൻമാറ സംഭവത്തിൽ പ്രതിയായ ചെന്താമരയ്ക്ക് ജാമ്യത്തിൽ ഇളവ് നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലിസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെൻമാറയിൽ ചെന്താമരയിൽനിന്ന് ഭീഷണിയുണ്ടെന്ന പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരേ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്നും കടുത്ത നടപടി തന്നെ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.