പി.സി. ചാക്കോ എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ചു
Thursday, February 13, 2025 3:15 AM IST
കോട്ടയം: പി.സി. ചാക്കോ എന്‍സിപി (ശരദ് ചന്ദ്ര പവാര്‍) സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണു ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണു വിവരം. നിലവില്‍ പാർട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരണോയെന്നു പവാര്‍ തീരുമാനിക്കും.
എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്കു കാരണമെന്നാണ് വിവരം. കഴിഞ്ഞ ആറിനു നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍നിന്ന് ശശീന്ദ്രന് പക്ഷം വിട്ടുനിന്നിരുന്നു. ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രന് പക്ഷം അറിയിച്ചിരുന്നു. 18ന് വിളിച്ചിരിക്കുന്ന യോഗത്തിലും ശശീന്ദ്രന് പക്ഷം പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്.
സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
ഒപ്പുശേഖരണത്തെക്കുറിച്ച് അറിഞ്ഞ ചാക്കോ താന്‍ മാറിയാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെയോ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.ആര്. രാജനെയോ പ്രസിഡന്റാക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മന്ത്രിസ്ഥാനം ലഭിക്കാതായതോടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണു തോമസ് കെ. തോമസ്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടെടുത്തതോടെയാണ് എ.കെ. ശശീന്ദ്രന് പി.സി. ചാക്കോയ്ക്കെതിരേ തിരിഞ്ഞത്.
മറ്റു പാർട്ടിയിൽനിന്നു വന്നവർ എൻസിപിയിൽ ശാശ്വതമല്ലെന്നും ഗുണം ചെയ്യില്ലെന്നുമുള്ള വിലയിരുത്തൽ നാളുകളായി പഴയ ഭാരവാഹികളും പ്രവർത്തകരും യോഗങ്ങളിൽ ഉയർത്തുന്നുണ്ട്. പലരും ഇതിന്റെ പേരിൽ പാർട്ടി വിടുകയും ചെയ്തു. സിപിഎം നേതൃത്വവും ഈ അഭിപ്രായത്തെ പിന്തുണച്ചതോടെ ശശീന്ദ്രൻ നേതൃത്വം നൽകുന്ന വിഭാഗം എൻസിപിയിൽ ശക്തിയാർജിക്കുന്ന സ്ഥിതിയാണുള്ളത്.
കേന്ദ്ര നേതൃത്വത്തിൽ ശരദ് പവാറിനു സ്വാധീനം കുറഞ്ഞതും പി.സി. ചാക്കോയുടെ ശക്തി ക്ഷയിക്കാൻ കാരണമായി.