‘പരസ്യ’ പോര്; പാലക്കാട്ട് വോട്ടെടുപ്പിന്റെ തലേന്നും ട്വിസ്റ്റ്
Wednesday, November 20, 2024 2:25 AM IST
പാലക്കാട്: ട്വിസ്റ്റുകൾ നിറഞ്ഞ പരസ്യപ്രചാരണത്തിനുശേഷം ഇന്നലത്തെ നിശബ്ദ പ്രചാരണദിനത്തിലും പാലക്കാട് മണ്ഡലത്തെ പിടിച്ചുകുലുക്കി പുത്തൻ വിവാദം.
എൽഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി രണ്ടു പത്രങ്ങൾക്കു നൽകിയ പരസ്യമാണ് വിവാദത്തിനു തിരികൊളുത്തിയത്. പരസ്യത്തിനെതിരേ യുഡിഎഫും ന്യായീകരിച്ച് സിപിഎമ്മും കൊന്പുകോർത്തപ്പോൾ വിവാദം പുത്തൻ തലത്തിലെത്തി.
സമസ്ത ഇ.കെ. വിഭാഗത്തിന്റെ സുപ്രഭാതം, എ.പി. വിഭാഗത്തിന്റെ സിറാജ് പത്രങ്ങളിൽ നൽകിയ എൽഡിഎഫ് തെരഞ്ഞെടുപ്പുപരസ്യമാണ് വിവാദമായത്. അടുത്തിടെ ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ പഴയ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളാണ് എന്ന പേരിലാണ് ഇരുപത്രങ്ങളുടെയും ഒന്നാംപേജില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വച്ചായിരുന്നു പരസ്യം.
എന്നാൽ, സുപ്രഭാതം പത്രത്തിന്റെ പാലക്കാട് എഡിഷന് എൽഡിഎഫ് തെരഞ്ഞെടുപ്പുപരസ്യവുമായി ഒരു ബന്ധവുമില്ലെന്നു സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട്ചെയ്തുവിജയിപ്പിക്കണം എന്നഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തയ്ക്കില്ലെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംഭവം വിവാദമായപ്പോൾ സിപിഎം നേതാക്കൾ അനുകൂലിച്ചു രംഗത്തെത്തി.
പത്രപ്പരസ്യത്തില്‍ അപാകതയില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രതികരണം. നാലു പത്രങ്ങളിൽ പരസ്യം നല്‍കിയെന്നും രണ്ടു പത്രങ്ങളാണ് അതു പ്രസിദ്ധീകരിച്ചതെന്നുമാണ് സിപിഎം വിശദീകരണം.
ഇപ്പോഴും ഫേസ്ബുക്ക് പോസ്റ്റുകള്‍ സന്ദീപ് വാര്യർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യം എങ്ങനെ തെറ്റാകുമെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ ചോദ്യം.
യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി
പാലക്കാട്: തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് ഇലക്ഷന് കമ്മീഷന്റെ അനുമതികൂടാതെ പത്രങ്ങളില്‍ പരസ്യം നല്കിയ പാലക്കാട്ടെ സിപിഎമ്മിന്റെയും ഇടതുപക്ഷസ്ഥാനാര്ഥിയുടെയും നടപടിക്കെതിരേ തെരഞ്ഞെടുപ്പുകമ്മീഷനു യുഡിഎഫ് പരാതി നല്കി.
യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണു പരാതി നല്‍കിയത്. നടന്നതു തെരഞ്ഞെടുപ്പുചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമനടപടികളുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പരസ്യത്തിന് അനുമതിയില്ല; അന്വേഷിക്കാൻ നിർദേശം
പാലക്കാട്: രണ്ടു പത്രങ്ങളിൽ ഇന്നലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുപരസ്യം പ്രസിദ്ധീകരിച്ചത് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെയെന്നു സ്ഥിരീകരണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസറായ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങി മാത്രമേ ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാൻ കഴിയൂ.
എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് എൽഡിഎഫ് പരസ്യങ്ങള്‍ നല്‍കിയത്. അനുമതിയില്ലാതെ പരസ്യം പ്രസിദ്ധീകരിച്ചത് അന്വേഷിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര നിര്‍ദേശം നല്കി.
ദുരുദ്ദേശ്യം വ്യക്തം
എന്തിനാണ് രണ്ടു പത്രങ്ങളിൽ മാത്രം ഒരു പരസ്യം നൽകിയത്. അതിൽനിന്നുതന്നെ അവരുടെ ദുരുദ്ദേശ്യം വ്യക്തമാണ്. ഒരു പത്രവാർത്തയുടെ പേരിൽ അതിവൈകാരികമായി പ്രതികരിക്കുന്ന വിഭാഗമാണ് മതന്യൂനപക്ഷങ്ങളെന്ന ധാരണയാണോ സിപിഎമ്മിനുള്ളത്. അവരുടെ രാഷ്ട്രീയവിദ്യാഭ്യാസത്തെ സിപിഎം ചോദ്യം ചെയ്യുകയാണ്.
ഒരാൾ സംഘപരിവാർവിട്ട് മതേതര ചേരിയുടെ ഭാഗമായതിൽ സിപിഎമ്മിന് എന്തിനാണ് അസ്വസ്ഥത. മറ്റു പത്രങ്ങളിൽ നൽകിയ പരസ്യവും ഈ പരസ്യങ്ങളുമായി വ്യത്യാസമുണ്ട്. ഇതിൽനിന്നുതന്നെ ദുരുദ്ദേശ്യം വ്യക്തമാണ്. ഇതെല്ലാം പാലക്കാട്ടെ ജനത കൃത്യമായി വിലയിരുത്തും. സന്ദീപ് കോൺഗ്രസിലേക്കു വന്നതിൽ ഈ നാട്ടിലെ ന്യൂനപക്ഷങ്ങൾക്ക് യാതൊരു ആശങ്കയുമില്ല.
-രാഹുൽ മാങ്കൂട്ടത്തിൽ
ഒരു വീഴ്ചയുമില്ല
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുതന്നെയാണു നിൽക്കുന്നത്. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. നിയമപരമായി വരുന്ന സമയത്തു നിയമവഴികൾ ആലോചിക്കാം. യുഡിഎഫ് ഏറ്റെടുക്കുന്നതല്ല, ജനങ്ങൾ ഏറ്റെടുക്കുന്നതാണു തെരഞ്ഞെടുപ്പുവിഷയം.
- ഡോ. പി. സരിൻ
കോൺഗ്രസ് അപകടത്തിൽ
കോൺഗ്രസിപ്പോൾ വൻ അപകടത്തിലാണ്. വേലിയില്‍ കിടന്ന പാമ്പിനെയാണു യുഡിഎഫ് തോളത്തു വച്ചിരിക്കുന്നത്. കനത്ത തിരിച്ചടി യുഡിഎഫ് നേരിടും. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍പോലും പാലക്കാട്ട് ചോരും. ആളുകളെ എടുക്കുന്നതിനുമുന്‍പ് അവരെപ്പറ്റി ജനങ്ങളുടെ മനസിലുള്ള ചിത്രം എങ്ങനെയാണെന്ന ബോധ്യം വേണം.
-സി. കൃഷ്ണകുമാർ