കേന്ദ്ര പെൻഷൻ അനുവദിക്കണം: സീനിയർ ജേർണലിസ്റ്റ്സ് ഫോറം
Wednesday, November 20, 2024 2:25 AM IST
തൃശൂർ: മുതിർന്ന മാധ്യമപ്രവർത്തകർക്കു കേന്ദ്രസർക്കാർ പെൻഷൻ അനുവദിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഫോറം നേരത്തേ പ്രധാനമന്ത്രിക്കു നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രിമാരും എംപിമാരുമായി ആശയവിനിമയം നടത്തിവരികയാണെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രൊവിഡന്റ് ഫണ്ട് മിനിമം പെൻഷൻ 7,500 രൂപയായി വർധിപ്പിക്കുക. പിഎഫ് പെൻഷൻകാർക്കും ഡിഎ അനുവദിക്കുക. 2014 സെപ്റ്റംബർ ഒന്നിനുമുന്‍പ് വിരമിച്ചവർക്കും ജോയിന്റ് ഓപ്ഷൻ ഇല്ലാതെതന്നെ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസരം നൽകുക, സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഫോറം ഉന്നയിച്ചു.
നവംബർ 22 മുതൽ 24 വരെ തൃശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലൂടെ ഇക്കാര്യങ്ങൾ വീണ്ടും സർക്കാരിനു മുന്പിൽ സമർപ്പിക്കും. 22ന് ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന വാർത്താ ചിത്രപ്രദർശനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. മുതിർന്ന ഫോട്ടോഗ്രാഫർ കെ.കെ. രവീന്ദ്രനെ ചടങ്ങിൽ ആദരിക്കും.
23ന് ഉച്ചയ്ക്ക് 2.30നു നടക്കുന്ന മാധ്യമ സെമിനാർ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനും വൈകിട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. 24നു രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വൈകിട്ട് മൂന്നിന് സമാപനസമ്മേളനം തേറന്പിൽ രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ മേയർ എം.കെ. വർഗീസ്, സ്വാഗതസംഘം ജനറൽ കണ്‍വീനർ എൻ. ശ്രീകുമാർ, സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് എ. മാധവൻ, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, വർക്കിംഗ് ചെയർമാൻ അലക്സാണ്ടർ സാം എന്നിവർ പങ്കെടുത്തു.