മുനന്പം: നിയമപരമായ പരിഹാരത്തിന് മുൻതൂക്കം
Wednesday, November 20, 2024 2:25 AM IST
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്തിട്ടുള്ള ഉന്നതതല യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിയമപരമായ സാധുതകൾ തേടുന്നതാകും മുഖ്യ അജൻഡ. ഇതിനായി നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും യോഗത്തിൽ പങ്കെടുക്കുമെന്നാണു വിവരം.
മുനന്പം വഖഫ് ഭൂമി സംബന്ധിച്ച കേസുകൾ ഹൈക്കോടതിയിലും കോഴിക്കോട് ആസ്ഥാനമായുള്ള വഖഫ് ട്രൈബ്യൂണലിലും നിലവിലുണ്ട്. കോടതിയുടെയും ട്രൈബ്യൂണലിന്റെയും പരിധിയിലുള്ള കേസുകളിൽ സർക്കാരിനു സ്വീകരിക്കാൻ കഴിയുന്ന നിയമപരമായ നടപടികളാകും ചർച്ച ചെയ്യുക.
22ന് ഉച്ചകഴിഞ്ഞ് മൂന്നിനു നിശ്ചയിച്ചിട്ടുള്ള ചർച്ചയിൽ മുഖ്യമന്ത്രിയെ കൂടാതെ നിയമമന്ത്രി പി. രാജീവ്, റവന്യു മന്ത്രി കെ. രാജൻ, വഖഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി അടക്കമുള്ള വിവിധ വകുപ്പു സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.