വിക്രം ഗൗഡ മാവോയിസ്റ്റ് സംഘത്തിലെ ഷാർപ്പ് ഷൂട്ടർ
Wednesday, November 20, 2024 2:25 AM IST
ഇരിട്ടി: മാവോയിസ്റ്റ് ദളത്തിലെ ഷാർപ്പ് ഷൂട്ടറും മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയുമായിരുന്നു കൊല്ലപ്പെട്ട വിക്രം ഗൗഡ.
കണ്ണൂർ ജില്ലയിലെ പേരാവൂർ, കേളകം, ആറളം പോലീസ് സ്റ്റേഷനുകളിലും വയനാട്ടിലും നിരവധി യുഎപിഎ കേസുകൾ വിക്രം ഗൗഡയുടെ പേരിലുണ്ട്.
കേരള-കർണാടക-തമിഴ്നാട് അതിർത്തിയിലുള്ള നക്സൽവിരുദ്ധ സേനകളുടെ പിടിയിലാകാതെ 20 വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ദീർഘകാലമായി കേരള വനമേഖലയിലെ സാന്നിധ്യമായിരുന്ന മാവോയിസ്റ്റ് കബനീദളത്തിലെ പ്രവർത്തകനായിരുന്ന വിക്രം ഗൗഡ.
ഗൗഡയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ഏതാനും മാസം മുന്പാണു കർണാടക വനമേഖലയിലേക്ക് പിന്മാറിയത്. കർണാടകയിലേക്കു പിന്മാറിയ സംഘം മൂന്നുതവണ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടെങ്കിലും കഴിഞ്ഞ കുറെ നാളുകളായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കേരളത്തിലെ കബനീദളത്തിന്റെ അംഗങ്ങൾ എല്ലാവരും പിടിയിലായതോടെ കർണാടകയിലേക്കു പോയ സംഘം കേരളത്തിലേക്കു തിരിച്ചുവരുന്നതായി അഭ്യൂഹം പരന്നിരുന്നു. ഇതിന്റെ ഭാഗമായി കേരള വനാതിർത്തികളിൽ തണ്ടർ ബോൾട്ട് പരിശോധന ശക്തമാക്കിയിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്കു ചുക്കാൻ പിടിച്ച ഗൗഡ കുപ്പുസാമിയുടെ പിൻഗാമിയായാണ് നക്സൽ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. മൂന്നു തവണയാണ് നക്സൽ വിരുദ്ധ സേനകളുടെ കണ്ണ് വെട്ടിച്ചു വിക്രം ഗൗഡ രക്ഷപ്പെട്ടത്.
2016ൽ നിലന്പൂരിൽ നടന്ന കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട ഏറ്റുമുട്ടലിൽനിന്നു രക്ഷപ്പെട്ട ഗൗഡ പിന്നീട് കബനീദളത്തിന്റെ പ്രവർത്തകനാകുകയായിരുന്നു. കബനീദളത്തിൽ സി.പി. മൊയ്തീനേക്കാൾ മുതിർന്ന പ്രവർത്തകനായിരുന്നു ഗൗഡ.
നക്സലിസം വിട്ടുവരുന്നവരെ മുഖ്യധാരയിൽ എത്തിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിർത്തിരുന്നു. ഇത്തരം, സർക്കാർ ശ്രമങ്ങളെ പിന്തുണച്ചിരുന്ന ഗൗരി ലങ്കേഷിനെതിരേ പോസ്റ്ററുകളുമായി വിക്രം ഗൗഡ രംഗത്തു വന്നിരുന്നു.