വിഴിഞ്ഞം- കൊല്ലം- പുനലൂർ സാന്പത്തിക വ്യാവസായിക ഇടനാഴി; ലക്ഷ്യം മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം
Wednesday, November 20, 2024 2:25 AM IST
തിരുവനന്തപുരം: വിഴിഞ്ഞം- കൊല്ലം-പുനലൂർ സാന്പത്തിക വ്യാവസായിക ഇടനാഴിയിലൂടെ മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാകുമെന്നാണു സർക്കാർ ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യ വികസനം, വ്യാവസായിക ഇടനാഴികൾ, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണിത്.
പരന്പരാഗത ഭൂമി ഏറ്റെടുക്കൽ രീതികൾക്ക് അപ്പുറമുള്ള ലാൻഡ് പൂളിംഗ്, പൊതു- സ്വകാര്യ പങ്കാളിത്തം, നേരിട്ടു വാങ്ങൽ, ഭൂമികൈമാറ്റം തുടങ്ങിയ നൂതന രീതികളാകും സ്വീകരിക്കുക. ഇടനാഴികളിൽ പ്രത്യേക സാന്പത്തിക മേഖല പ്രഖ്യാപിക്കാനും ഇതുവഴി നിക്ഷേപം ആകർഷിക്കാനുമാകും.
സമുദ്രോത്പന്ന ഭക്ഷ്യ സംസ്കരണ കയറ്റുമതി, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഐടി, ഐടിഇഎസ്, ബഹിരാകാശ മേഖലയിലെ സാങ്കേതിക കേന്ദ്രം സ്ഥാപിക്കൽ, പ്രാദേശിക ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, മെഡിക്കൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെ മെച്ചപ്പെടുത്തി സന്ദർശകരെ ആകർഷിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്.
ഭാവിയിൽ ഈ ഇടനാഴി കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കും പുനലൂരിൽനിന്ന് പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിക്കുന്നതും ആലോചനയിലുണ്ട്.