പിഡിഎൻഎ റിപ്പോർട്ട്: വ്യക്തമായ മറുപടി നൽകാതെ ധനമന്ത്രി
Wednesday, November 20, 2024 2:25 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരത്തിനായി കേന്ദ്ര സർക്കാരിനു സംസ്ഥാന സർക്കാർ സമർപ്പിക്കേണ്ട ദുരന്താനന്തര വിലയിരുത്തലും ആവശ്യകതയും വ്യക്തമാക്കുന്ന പിഡിഎൻഎ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പിഡിഎൻഎ റിപ്പോർട്ട് കേരളം സമർപ്പിച്ചിട്ടില്ലെന്നു മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞതു സംബന്ധിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണു ധനമന്ത്രി ഇക്കാര്യത്തിൽ മറുപടി നൽകാതിരുന്നത്.
വയനാട് ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാത്ത കേന്ദ്ര സർക്കാരിനെതിരേ സംസ്ഥാനം കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന്, പരസ്പരം തർക്കിക്കുന്ന കേന്ദ്ര- സംസ്ഥാന സഹകരണം നല്ലതല്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.