കെട്ടിട വാടകയ്ക്കുള്ള ജിഎസ്ടി അടയ്ക്കില്ലെന്നു ഹോട്ടലുടമകള്‍
Thursday, November 21, 2024 1:52 AM IST
കൊച്ചി: വാടകയ്ക്കെടുത്ത കെട്ടിടത്തിന്റെ വാടകയുടെ ജിഎസ്ടി രജിസ്റ്റേർഡ് വ്യാപാരി അടയ്ക്കണമെന്ന ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശം തള്ളുന്നുവെന്ന് ഹോട്ടലുടമകള്‍.
നിര്‍ദേശം അപ്രായോഗികമായതിനാല്‍ ജിഎസ്ടി അടയ്ക്കേണ്ടതില്ലെന്ന് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഇതിന്റെ പേരില്‍ ഹോട്ടലുടമയ്ക്കെതിരേ നടപടിയുണ്ടായാല്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും എറണാകുളത്ത് നടന്ന അസോസിയേഷന് സംസ്ഥാന നിര്‍വാഹകസമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.
ചെറുകിട ഹോട്ടല്‍, റസ്റ്ററന്റ് മേഖലയെ തകര്‍ക്കുന്ന തീരുമാനമാണ് ഏകപക്ഷീയമായി ജിഎസ്ടി കൗണ്‍സില്‍ എടുത്തിട്ടുള്ളത്. വാടകയുടെ ജിഎസ്ടി ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്നാണ് ജിഎസ്ടി കൗണ്‍സിലിന്റെ വാദം. എന്നാല്‍ ഹോട്ടല്‍, റസ്റ്ററന്റുകള്‍ക്ക് ഇന്‍പുട്ട് ടാക്സ് എടുക്കാന്‍ അനുവാദമില്ല. അതിനാല്‍ വാടകയ്ക്ക് അടയ്ക്കുന്ന 18 ശതമാനം നികുതി ഹോട്ടലുടമയ്ക്ക് നഷ്ടമാകും.
അവശ്യസാധന വിലവര്ധനവടക്കം നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട ഇടത്തരം ഹോട്ടല്‍ മേഖലയ്ക്കു കനത്ത സാമ്പത്തികഭാരമാണ് കെട്ടിടം ഉടമയുടെ ജിഎസ്ടി കൂടി അടയ്ക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ക്കും ജിഎസ്ടി കൗണ്‍സിലിനും പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലായ ഈ നിയമഭേദഗതിയില്‍നിന്ന് ഇന്‍പുട്ട് ടാക്സ് എടുക്കാന്‍ അനുവാദമില്ലാത്ത റസ്റ്ററന്റ് മേഖലയെ ഒഴിവാക്കിയില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ചുള്‍പ്പെടെ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.