വ്യവസായ ഇടനാഴിക്ക് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി അനുമതി
Wednesday, November 20, 2024 2:25 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ വ്യവസായിക സാന്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനായി വിഴിഞ്ഞം-കൊല്ലം- പുനലൂർ വ്യവസായിക സാന്പത്തിക ഇടനാഴിക്ക് അനുമതി. വ്യവസായ ഇടനാഴിക്കുള്ള സ്ഥലം ഏറ്റെടുപ്പ് പദ്ധതിക്കു കിഫ്ബി യോഗം അംഗീകാരം നൽകി.
1000 കോടി രൂപ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും. ആവശ്യമായ ഭൂമി പൂർണമായി ഏറ്റെടുക്കാതെ ചില ഉടമകളിൽ അവകാശം നിലനിർത്തി വാടക ഇനത്തിലും മറ്റും തുക നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങളാകും നടപ്പാക്കുക.
വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകൾ ബന്ധിപ്പിക്കുന്നതിനു ഗതാഗത ഇടനാഴികൾ വേണം. വിഴിഞ്ഞം- കൊല്ലം ദേശീയപാത 66, കൊല്ലം-ചെങ്കോട്ട ദേശീയപാത 744, നിർദിഷ്ട ഗ്രീൻഫീൽഡ് ദേശീയപാത, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയാണു വളർച്ചാമുനന്പിന്റെ പ്രധാന ഭാഗങ്ങൾ.
ഇവ ഈ പ്രദേശത്തുടനീളമുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്ന ഇടനാഴികളാണ്. കൂടാതെ, പദ്ധതി പ്രദേശത്തിനുള്ളിലെ തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ എന്നിവ തലസ്ഥാനത്തിന്റെ വികസനത്തിനു കരുത്തേകും.
കമ്മീഷനിംഗിനു സജ്ജമാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിന്റെ സാധ്യതകൾ കേരളത്തിനു പ്രയോജനപ്പെടുത്തുന്നതിനാണു പദ്ധതി. ഇതോടൊപ്പം തീരപ്രദേശം, മധ്യമേഖല, മലയോര മേഖല പ്രധാന റോഡ്-റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കി സന്പൂർണ വികസനമാണു ലക്ഷ്യം.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണിത്. ഇതുവഴി അനുബന്ധ മേഖലയിൽ അടക്കം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
മേഖലയിൽ ഉടനീളമുള്ള ലോജിസ്റ്റിക്സ് സുഗമമാക്കി തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന വ്യാവസായിക ഇടനാഴി സ്ഥാപിച്ചു സാധ്യത പ്രയോജനപ്പെടുത്താനാണു നീക്കം.