പമ്പയില്‍ ബസ് കത്തിനശിച്ച സംഭവം: ത്രിതല അന്വേഷണം നടക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി
Wednesday, November 20, 2024 2:25 AM IST
കൊച്ചി: പമ്പയില്‍ ബസ് കത്തിനശിച്ച സംഭവത്തില്‍ ത്രിതല അന്വേഷണം നടക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.
കെഎസ്ആര്‍ടിസി മാവേലിക്കര റീജണല്‍ വര്‍ക്ഷോപ്പിലെ വര്‍ക്സ് മാനേജര്‍, ആറ്റിങ്ങല്‍ ഡിപ്പോയിലെ എന്‍ജിനിയര്‍ എന്നിവരും പമ്പ പോലീസും അന്വേഷിക്കുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസി വിശദീകരിച്ചത്.
17ന് പുലര്‍ച്ചെ പമ്പ-നിലയ്ക്കല്‍ പാതയിലെ പ്ലാത്തോടുവച്ചാണ് കെഎസ്ആര്‍ടിസി ലോഫ്ലോര്‍ ബസിനു തീപിടിച്ചത്. ഈ സമയം യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവറും കണ്ടക്ടറുമടക്കം തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
എട്ടു വര്‍ഷം മാത്രം പഴക്കമുള്ള ബസിന് പേരൂര്‍ക്കട ഡിപ്പോയില്‍ അറ്റകുറ്റപ്പണിയും ഇന്സ്പെക്ഷനും നടത്തിയിരുന്നതാണ്. ശബരിമല സര്‍വീസിനായി ഉപയോഗിക്കുന്ന 205 ബസുകള്‍ക്കും ഫിറ്റ്നസ് കാലാവധി ശേഷിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
പോലീസ് ആവശ്യപ്പെടുന്നപക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പമ്പയിലെയും നിലയ്ക്കലെയും കുടിവെള്ള വിതരണം സംബന്ധിച്ച് വാട്ടര്‍ അഥോറിറ്റി റിപ്പോര്‍ട്ട് നല്കി.
എരുമേലി ധര്‍മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട് തത്സമയ ബുക്കിംഗ്, അന്നദാന, ശൗചാലയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. തീര്‍ഥാടകര്‍ക്കായി എരുമേലിയിലും ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ദേവസ്വം ബെഞ്ചിനെ അറിയിച്ചു.