ഫറൂഖ് കോളജ് മാനേജ്മെന്റിനെതിരേ വഖഫ് സംരക്ഷണ സമിതി
Wednesday, November 20, 2024 2:25 AM IST
കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ ഫറൂഖ് കോളജ് മാനേജ്മെന്റിനെതിരേ അഖില കേരള വഖഫ് സംരക്ഷണ സമിതി.
മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയില്‍ 188 ഏക്കര്‍ ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് വില്പന നടത്തിയതായി വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ അംഗീകാരം വാങ്ങാതെയാണ് ഭൂമി വില്പന നടത്തിയത്. ഇതിനു പണം വാങ്ങിയിട്ടുണ്ട്.
നിലവില്‍ പ്രതിസ്ഥാനത്ത് കോളജ് മാനേജ്മെന്റാണ്. നാട്ടിലാകെ ഈ വിഷയം കത്തിപ്പടരുമ്പോള്‍ ഒട്ടകപ്പക്ഷിയെപോലെ തല മണ്ണിനടിയില്‍ താഴ്ത്തുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചിട്ടുള്ളത്.
ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന മനേജ്മെന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തു വരേണ്ടതുണ്ട്. കോളജിന്റെ മൂന്‍കാല മാനേജ്മെന്റ് ഭാരവാഹികള്‍ക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു.
മുനമ്പത്ത് നിലവില്‍ 138 പാവപ്പെട്ട കുടുംബങ്ങള്‍ക്കുമാത്രമാണ് ഭൂമി പ്രശ്നമുള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മൂന്നും നാലും സെന്റ് ഭൂമിയുള്ളവരാണ് അവര്‍. ഇക്കൂട്ടര്‍ക്ക് ഭൂമി നല്കാന് തയാറാണ്.
എന്നാല്‍ ഇവിടെ 62 റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെല്ലാം അനധികൃതമായി ഭൂമി കൈയേറിയവരാണ്. അവരെ ഒഴിപ്പിക്കണം. പ്രതിപക്ഷേനതാവ് വി.ഡി. സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയം കളിക്കുകയാണ്. ക്രൈസ്തവ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തേണ്ടത് കുഞ്ഞാലിക്കുട്ടിയല്ല. സര്‍ക്കാരാണ്.
മുനമ്പം ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കണമെന്ന് അവര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ കാരന്തൂര്‍, ചെയര്മാന് മാമുക്കോയ ഹാജി, പ്രഫ. കോയക്കുട്ടി ഫാറൂഖി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.