വിഴിഞ്ഞം തുറമുഖം : 817 കോടിയുടെ വിജിഎഫ് ഫണ്ടിനുള്ള നിബന്ധനകൾ ഒഴിവാക്കണമെന്ന് കേരളം
Wednesday, November 20, 2024 2:25 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിനുള്ള 817.8 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നിബന്ധനകൾ ഒഴിവാക്കി അനുവദിക്കണമെന്ന് കേന്ദ്രത്തോട് നാളെ ചേരുന്ന സംസ്ഥാന മന്ത്രിസഭായോഗം ആവശ്യപ്പെടും.
വൻകിട പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷൻ ചെയ്ത് ഏറെ വർഷങ്ങൾക്കു ശേഷം മാത്രമേ ലാഭത്തിലാകുകയുള്ളൂ. എന്നാൽ, കമ്മീഷൻ ചെയ്ത് 10 വർഷത്തിനു ശേഷം സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20% വിഹിതം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന ഉപാധിയിലാണ് മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിക്കുക.
2034 മുതൽ തുറമുഖത്തിന്റെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാന സർക്കാരിനു ലഭിക്കും. ഇത് ഓരോ വർഷവും ഒരു ശതമാനം വീതംകൂടും. വിജിഎഫിന്റെ പേരിൽ ഈ വരുമാനത്തിന്റെ 20% കേന്ദ്രവുമായി പങ്കുവയ്ക്കണമെന്നാണ് വ്യവസ്ഥ.
വിജിഎഫ് ലഭ്യമാക്കാൻ തുറമുഖ കന്പനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും കരാറൊപ്പിടാനുള്ള ഘട്ടത്തിലാണു വരുമാനവിഹിതം പങ്കുവയ്ക്കൽ വ്യവസ്ഥയിൽ കേന്ദ്രം ഉപാധികൾ ഏർപ്പെടുത്തിയത്.