പാലക്കാടൻ വിധിയെഴുത്ത് ഇന്ന്
Wednesday, November 20, 2024 2:25 AM IST
പാലക്കാട്: ഒന്നര മാസത്തെ ചൂടുപിടിച്ച പ്രചാരണത്തിനുശേഷം പാലക്കാട് നിയമസഭാ മണ്ഡലം ഇന്നു ബൂത്തിലേക്ക്. വിധിയെഴുത്ത് മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്.
ഷാഫി പറന്പില് വലിയ വിജയം നേടിയ മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടിവിട്ട പി. സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ തന്റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്നു തെളിയിക്കണം.
മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാംസ്ഥാനത്തേക്കുള്ള കുതിപ്പാണ് എല്‍ഡിഎഫ് ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാന് ഇ. ശ്രീധരനിലൂടെ കഴിഞ്ഞതവണ നടത്തിയ മുന്നേറ്റം തുടരാനാകുമെന്നും ഇത്തവണ സി. കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
മുന്നണി സ്ഥാനാർഥികളടക്കം പത്തു പേരാണ് മത്സരരംഗത്തുള്ളത്. നഗരവോട്ടര്‍മാര്‍ കൂടുതലുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട്. ആകെ വോട്ടര്‍മാരില്‍ എണ്പതു ശതമാനത്തിലേറെ നഗരപ്രദേശത്തുള്ളവരാണ്. കേവലം 18 ശതമാനം മാത്രമാണ് ഗ്രാമീണ വോട്ടര്‍മാര്‍. ആകെയുള്ളത് 1,94,706 വോട്ടര്‍മാര്‍. ഇതില്‍ 1,00,290 പേര് സ്ത്രീകളാണ്. 2445 കന്നിവോട്ടര്‍മാരുണ്ട്.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക്ക്പോള്‍ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂര്‍ത്തിയാക്കി. ഗവ. വിക്ടോറിയ കോളജാണു പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രമായി പ്രവര്‍ത്തിച്ചത്.
വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രത്തിലേക്കുതന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ തിരികെയെത്തിക്കും. തുടര്‍ന്നു രാത്രിയോടെതന്നെ കോളജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകളിലേക്കു മാറ്റും.