തൃശൂര്‍ പൂരം കലക്കൽ: തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഗൂഢാലോചന നടത്തിയെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ്
Wednesday, November 20, 2024 2:25 AM IST
കൊച്ചി: തൃശൂര്‍ പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍.
ഏപ്രില്‍ 19ന് നടന്ന പൂരത്തിലെ പോലീസ് നിയന്ത്രണങ്ങളുടെ പേരില്‍ തിരുവമ്പാടി വിഭാഗം ബഹിഷ്കരണനീക്കം നടത്തിയതും ഗതാഗത നിയന്ത്രണമുള്ളിടത്തേക്ക് സുരേഷ് ഗോപി ആംബുലന്‍സിലെത്തിയതും രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി. ബിന്ദു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയകക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി. ഹര്‍ജിക്കാരനായ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അനീഷ്കുമാര്‍, സംഘപരിവാര്‍ പ്രവര്ത്തകന് വല്സന് തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നതാണ്.
താനിടപെട്ടു പ്രതിസന്ധി പരിഹരിച്ചെന്ന രീതിയിലുള്ള വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൂരം അലങ്കോലമായെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ വഴിയൊരുക്കുകയാണ് തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ ചെയ്തത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെന്ന രീതിയില്‍ പ്രശ്നത്തില്‍ സുരേഷ് ഗോപി പരസ്യമായി ഇടപെടുകയായിരുന്നു.
രാത്രി മഠത്തില്‍വരവ് സമയത്ത് ഒമ്പത് ആനകള്‍ക്കു പകരം ഒരാനയായി തിരുവമ്പാടി ദേവസ്വം ചുരുക്കി. അലങ്കാര പന്തലുകളിലെ വിളക്കുകള്‍ അണച്ചു. ഇതു പൂരത്തിന്റെ ശോഭ കെടുത്തി. പൂരം നിര്‍ത്തിവയ്ക്കുകയാണെന്ന് തിരുവമ്പാടി പ്രചരിപ്പിച്ചു.
പാസുള്ളവരെ മുഴുവന്‍ പൂരപ്പറമ്പില്‍ വെടിക്കെട്ടുസമയത്ത് കയറ്റണമെന്ന് വാശിപിടിക്കുകയും നിസഹകരിക്കുകയും ചെയ്തതോടെ വെടിക്കെട്ട് നീണ്ടു. തിരുവമ്പാടി ദേവസ്വം നടത്തിയ ആശാസ്യകരമല്ലാത്ത സമ്മര്‍ദതന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് ചെരിപ്പിട്ടു കയറാന്‍ അനുവദിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തതു പോലീസിന്റെ വീഴ്ചയായി പറയുന്നു.
ആനപരിശോധന തടസപ്പെടുത്തിയതാണു പാറമേക്കാവ് ദേവസ്വത്തിനെതിരായുള്ള പ്രധാന പരാമര്‍ശം. എന്നാല്‍, കുടമാറ്റസമയത്തടക്കം പോലീസും ജനങ്ങളുമായുണ്ടായ തര്‍ക്കം അസാധാരണമോ അസ്വാഭാവികമോ അല്ലെന്നും എല്ലാ വര്‍ഷവുമുള്ള പതിവ് വിഷയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരം കലക്കലില്‍ അന്വേഷണം തുടങ്ങിയശേഷം ഘടക ക്ഷേത്ര സമിതികളുമായി ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് സത്യവാങ്മൂലത്തിനൊപ്പമുള്ളത്.