പുത്തൻ ലേബർ കോഡുകൾ പിൻവലിക്കാൻ തൊഴിലാളി, കർഷക സംയുക്ത സമരം: തന്പാൻ തോമസ്
Wednesday, November 20, 2024 2:25 AM IST
തിരുവനന്തപുരം: തൊഴിലാളിവിരുദ്ധമായ പുത്തൻ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയും കർഷക സംഘടനകളും സമരം നടത്തും. 26ന് ജില്ലാ ആസ്ഥാനങ്ങളിൽ സമരം സംഘടിപ്പിക്കുമെന്ന് എച്ച്എംഎസ് ദേശീയ സെക്രട്ടറി തന്പാൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ മേഖലയിൽ ഗുരുതരമായ അനാസ്ഥ തുടരുകയാണ്. തൊഴിലിടങ്ങളിലെ സമ്മർദം മൂലം ഈയിടെ മരണപ്പെട്ട അന്ന സെബാസ്റ്റ്യനെപ്പോലെയുള്ള ഇരകൾ സൃഷ്ടിക്കപ്പെടുന്നു. ഒരുവിധ പരിരക്ഷയുമില്ലാതെ ഐടി മേഖല അനാഥമാണ്. വർക്ക് ഫ്രം ഹോമും 15-18 മണിക്കൂർ തുടർച്ചയായ ജോലിയും നിത്യ അനുഭവങ്ങളാണ്. ഇത് രണ്ടാം മേയ് ദിന വിപ്ലവം അനിവാര്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി സംരക്ഷണമോ നിയമ പരിരക്ഷയോ തൊഴിലാളികൾക്കില്ലാതെ വ്യാപാര മേഖലയെ കൊള്ളയടിക്കു വേദിയാക്കുക, പരിശോധനകൾ ഇല്ലാതാക്കുക. ഗവണ്മെന്റ് കേവലം സൗകര്യം ഒരുക്കുന്നവരാകുക എന്നതാണ് പുതിയ ലേബർ കോഡുകളുടെ ലക്ഷ്യം.
44 കേന്ദ്ര തൊഴിൽ നിയമങ്ങളിൽ 15 നിയമങ്ങൾ റദ്ദാക്കിയും 29 നിയമങ്ങൾ ഏകീകരിച്ചും ഉണ്ടാക്കിയതാണ് പുതിയ നാല് ലേബർ കോഡുകൾ. ഇവ അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവും അപ്രായോഗികവുമാണ്. മൂന്നാം തൊഴിൽ കമ്മീഷനെ അടിയന്തരമായി നിയമിക്കണമെന്നും പുത്തൻ നിയമ സംഹിത ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.