കുഴിച്ചുമൂടിയത് വീണ്ടും ‘ദൃശ്യ’മായി
Wednesday, November 20, 2024 2:25 AM IST
അമ്പലപ്പുഴ: കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നു കാണാതായ വീട്ടമ്മ വിജയലക്ഷ്മി (40) യെ കൊന്നുകുഴിച്ചുമൂടിയതാണെന്നു തെളിഞ്ഞു.
സംഭവത്തിൽ ഇവരുടെ സുഹൃത്ത് പുറക്കാട് കരൂര്‍ ഐവാട്ട്ശേരി ജയചന്ദ്രന്‍നെ (45) കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. മല്സ്യബന്ധനതൊഴിലാളിയായ ജയചന്ദ്രന് അടുത്തിടെയാണ് വിജയലക്ഷ്മിയുമായി ബന്ധം സ്ഥാപിച്ചത്.
ഇടുക്കി സ്വദേശി ഭർത്താവുമായി പിണങ്ങിയാണ് വിജയലക്ഷ്മി കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
മത്സ്യവില്പനയായിരുന്നു വിജയലക്ഷ്മിയുടെ ജോലി. വിജയലക്ഷ്മിയെ നാലു ദിവസമായി കാണാനില്ലെന്ന് കാണിച്ച് സഹോദരി കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിനിടെ പോലീസിന് വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ എറണാകുളത്ത് കെഎസ്ആര്‍ടിസി ബസില്‍നിന്നു ലഭിച്ചു. സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു ഫോണ്‍. ബസ് കണ്ടക്ടറാണ് ഫോൺ പോലീസിന് കൈമാറിയത്.
ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍നിന്നാണ് പോലീസ് ജയചന്ദനിലേക്ക് എത്തിയതും കസ്റ്റഡിയിലെടുത്തതും. തുടര്‍ന്ന് വിജയലക്ഷ്മിയെ കൊന്നു കുഴിച്ചിട്ടതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
ദൃശ്യം സിനിമ താന്‍ പല തവണ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രന് പോലീസിനോട് പറഞ്ഞു. പോലീസിന്റെ ശ്രദ്ധതിരിച്ചുവിടാന്‍ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്തുനിന്നു കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു.
വിജയലക്ഷ്മിയെ കാണാതായ ആറാം തീയതി സന്ധ്യയോടെ ജയചന്ദ്രന് വിജയലക്ഷ്മിയുമായി കരൂരുളള വീട്ടിലെത്തിയിരുന്നു.
രാത്രി ഒരു മണിയോടെ മറ്റൊരാളുമായി വിജയലക്ഷ്മി ഫോണില്‍ സംസാരിക്കുന്നത് കണ്ട ജയചന്ദ്രന് തര്‍ക്കത്തിനിടെ വിജയലക്ഷ്മിയെ തള്ളിവീഴ്ത്തി. ബോധരഹിതയായ വിജയലക്ഷ്മി മരിച്ചു എന്ന ധാരണയില്‍ ജയചന്ദ്രന് വീടിന് തൊട്ടടുത്തുള്ള മറ്റൊരു പുരയിടത്തില്‍ കുഴിച്ചിടാൻ പദ്ധതിയിട്ടു.
കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനു ശേഷമാണ് കുഴിയിലിട്ട് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
പ്രതിയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.