കാഫിർ സ്ക്രീൻഷോട്ടിന്റെ മോഡിഫൈഡ് രൂപം: ഷാഫി പറമ്പിൽ
Wednesday, November 20, 2024 2:25 AM IST
പാലക്കാട്: സിപിഎം എത്തിനിൽക്കുന്ന ഗതികേടിന്റെ തുറന്നുകാട്ടലാണു ചില മാധ്യമങ്ങളിൽ ദുരുദ്ദേശ്യത്തോടെ അവർ നൽകിയ പരസ്യമെന്ന് ഷാഫി പറമ്പിൽ എംപി. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാൻ പലതരത്തിലുള്ള ശ്രമങ്ങൾ അവർ നടത്തി.
അതെല്ലാം വിഫലമായ സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യവുമായി മുന്നോട്ടുവന്നത്. വടകരയിലെ കാഫിർ സ്ക്രീൻഷോട്ടിന്റെ മോഡിഫൈഡ് ഗ്ലോറിഫൈഡ് രൂപമാണു പത്രപ്പരസ്യം. സിപിഎം ഇത്രയും അധഃപതിക്കുവാൻ പാടില്ലായിരുന്നു.
ഇതിലൂടെ എന്താണ് സിപിഎം ഉദ്ദേശിക്കുന്നത്. പത്രത്തിന്റെ രണ്ടു കോപ്പി ഒന്ന് എ.കെ. ബാലന്റെയും രണ്ടാമത്തേത് എം.ബി. രാജേഷിന്റെയും വീടുകളിൽ എത്തിക്കുവാൻ സിപിഎം തയാറാകണം. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആണെന്ന സർട്ടിഫിക്കറ്റ് നൽകിയത് ഈ സിപിഎം നേതാക്കളാണ്.
വെറുപ്പിന്റെ ഫാക്ടറിയിൽനിന്നു പുറത്തേക്കുവരുകയാണ് സന്ദീപ് ചെയ്തത്. സംഘപരിവാറിനൊപ്പം നിന്നപ്പോൾ എടുത്ത നിലപാടുകളെ തള്ളിപ്പറഞ്ഞ് മതേതരജനാധിപത്യ മുന്നേറ്റത്തിന്റെ ഭാഗമാവുകയാണ് ചെയ്തതതെന്നും ഷാഫി പറഞ്ഞു.