തെരുവുനായ ആക്രമണം ദീപിക വാർത്ത നിയമസഭയിൽ
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: തെരുവുനായ ആക്രമണത്തിന്റെ ഭീകരത ചൂണ്ടിക്കാട്ടാൻ എൽദോസ് പി. കുന്നപ്പിള്ളിൽ നിയമസഭയിൽ ഉദ്ധരിച്ചതു ദീപിക റിപ്പോർട്ട്.
കണ്ണൂരിൽ ശ്രീകണ്ഠാപുരത്ത് പട്ടിക്കൂട്ടം ആക്രമിച്ച പത്തു വയസുകാരൻ ജെയിനിന്റെ രോദനം അത്ര കഠിനഹൃദയമുള്ളവർക്കല്ലാതെ കണ്ടു നിൽക്കാനാവില്ല.
കണ്ണൂർ ശ്രീകണ്ഠാപുരം മടന്പത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആ കുഞ്ഞിന്റെ അരയ്ക്കു താഴെ പലയിടത്തും മാംസമില്ല.
രാവിലെ സ്കൂളിലേക്കു പോകുന്നതിനിടെ അവനെ ആക്രമിച്ചതു കൂട്ടമായി എത്തിയ ആറു തെരുവുനായ്ക്കളാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയില്ലായിരുന്നെങ്കിൽ അവനും നിഹാലിന്റെ വിധിയാകുമായിരുന്നു.ദീപിക റിപ്പോർട്ട് എൽദോസ് നിയമസഭയിൽ വായിച്ചു.
ജനവാസമേഖലകളിൽ അലഞ്ഞുതിരിയുന്ന അക്രമസ്വഭാവമുള്ള മൃഗങ്ങളെ സുരക്ഷിത വാസസ്ഥലങ്ങളിലേക്കു പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതിനിടയിലാണ് എൽദോസ് പി. കുന്നപ്പിള്ളിൽ ശ്രീകണ്ഠാപുരം സ്വദേശി ജെയിനിനു നേരേയുണ്ടായ തെരുവുനായ ആക്രമണത്തിന്റെ ദീപിക റിപ്പോർട്ട് സഭയിൽ വായിച്ചത്.