വിലങ്ങാട്-വയനാട് ദുരന്തം; കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കർദിനാൾ മാർ ക്ലീമിസ്
Saturday, December 21, 2024 2:28 AM IST
വിലങ്ങാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിനും വിലങ്ങാടിനും കേന്ദ്രസഹായം ലഭിക്കാത്തതു സങ്കടകരമാണെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
കെസിബിസി നടപ്പാക്കുന്ന താമരശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലുണ്ടായ ഒരു ദുരന്തത്തിൽ സമയബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ട അവസ്ഥയ്ക്ക് ഒരു തീരുമാനമായിട്ടില്ല. പുനരധിവാസ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് കൃത്യമായ ഒരു പാക്കേജ് തയാറാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ജനങ്ങൾക്കു താമസം വരാതെ വാസയോഗ്യമായ ഭവനത്തിൽ താമസിക്കേണ്ടതാണ്. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്കനുസരിച്ച് ഭവനനിർമാണം വേഗത്തിൽ ആരംഭിച്ചതെന്ന് കാതോലിക്കാബാവ പറഞ്ഞു.
വിലങ്ങാട് മുണ്ടോകണ്ടത്തിൽ അൽഫോൻസ നഗറിലാണ് ഭവനത്തിനു തറക്കല്ലിട്ടത്. കോഴിക്കോട് ദേവഗിരി ഇടവകയാണ് വിലങ്ങാട്ട് ആദ്യത്തെ ഭവനം നിർമിച്ചുനൽകുന്നത്.
ചടങ്ങിൽ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണം നടത്തി. കെസിബിസി സെക്രട്ടറി ജനറലും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി.
ഇ.കെ. വിജയൻ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര എന്നിവർ പ്രസംഗിച്ചു.