വയനാട്: വീട് സ്പോണ്സർ ചെയ്തവരുടെ യോഗം ജനുവരിയിൽ വിളിക്കുമെന്ന് റവന്യു മന്ത്രി
Saturday, December 21, 2024 2:28 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി വീട് നിർമിച്ചുനൽകാൻ സന്നദ്ധത അറിയിച്ചവരുടെ യോഗം അടുത്ത ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർക്കുമെന്നു റവന്യു മന്ത്രി കെ. രാജൻ.
പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമി കോടതി നടപടികൾ ഒഴിവാക്കി വിട്ടുകിട്ടിയാൽ കേന്ദ്ര സഹായത്തിനു കാത്തു നിൽക്കാതെ ഒരു മണിക്കൂറിനകം പുനരധിവാസത്തിന് സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കർണാടക സർക്കാർ അടക്കം വീടു നിർമിച്ചുനൽകാൻ സന്നദ്ധത അറിയിച്ചിട്ടും കേരളം മറുപടി നൽകിയില്ലെന്ന വിവാദം പടരുന്നതിനിടെയാണ് റവന്യു മന്ത്രി പത്രസമ്മേളനം നടത്തി വയനാട് പുനരധിവാസ നടപടികളുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തിയത്.
വീടു നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ചവരുമായി രണ്ടു ഘട്ടമായിട്ടെങ്കിലും ചർച്ച നടത്തേണ്ടി വരും. സർക്കാർ തലത്തിലുള്ളവരുടെ പ്രതിനിധികളുമായി ആദ്യഘട്ടത്തിലും സംഘടനകളുടെയും വ്യക്തികളുടെയും പ്രതിനിധികളുമായി രണ്ടാം ഘട്ടത്തിലും ചർച്ച നടത്തും.
കേന്ദ്ര സഹായം വേണോ എന്നു ചോദിച്ചാൽ കേരളത്തിന് അർഹതപ്പെട്ടതു വേണമെന്നാണു നിലപാട്. ഇന്ത്യയിലെ ഒരു സംസ്ഥാനമാണല്ലോ കേരളം. എന്നാൽ കേന്ദ്ര സഹായത്തിനു കാത്തുനിൽക്കാതെതന്നെ വയനാട് പുനരധിവാസ നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.