ഷെഫീക്ക് വധശ്രമം: പിതാവിന് ഏഴും രണ്ടാനമ്മയ്ക്ക് പത്തും വർഷം തടവ്
Saturday, December 21, 2024 12:47 AM IST
തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിനിരയായി കിടക്കയിൽ അഭയം പ്രാപിച്ച അഞ്ചുവയസുകാരന് നീതി കിട്ടിയത് 11 വർഷങ്ങൾക്കപ്പുറം. രണ്ടര വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഷെഫീഖ് വധശ്രമ കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചത്.
ഒന്നാം പ്രതി കുട്ടിയുടെ അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫിന് ഏഴു വർഷവും രണ്ടാം പ്രതി രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും കഠിന തടവ് വിധിച്ചു.
തൊടുപുഴ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ആഷ് കെ. ബാലാണ് ശിക്ഷ വിധിച്ചത്. ഷെരീഫിന് 50,000 രൂപയും അനീഷയ്ക്ക് രണ്ട ുലക്ഷം രൂപയും പിഴയുണ്ട്. പിഴയടച്ചില്ലെങ്കിൽ ഇരുവരും ഒരുവർഷം അധിക തടവ് അനുഭവിക്കണം.
2013 ജൂലൈ 15നായിരുന്നു കേസിനാസ്പദമായ സംഭവം. മർദനത്തിൽ കുട്ടി അബോധാവസ്ഥയിലായപ്പോഴാണ് പ്രതികൾ ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി വീണ് പരിക്കേറ്റെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോ. നിഷാന്ത് പോളാണ് ക്രൂര മർദ്ദനത്തിന്റെ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. തുടർന്ന് കുമളി പോലീസ് കേസെടുത്തു.
അന്വേഷണത്തിൽ പ്രതികൾ കുട്ടിയുടെ ഇടത് കാൽമുട്ട് ഇരുന്പ് കുഴൽ കൊണ്ട് അടിച്ചൊടിക്കുകയും നെഞ്ചുഭാഗത്ത് ചവിട്ടി പരിക്കേൽപ്പിക്കുകയും രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ച് തലച്ചോറിന് ക്ഷതം ഏൽപ്പിക്കുകയും സ്റ്റീൽ കപ്പുകൊണ്ട് പൊള്ളിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
ഇപ്പോൾ അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണയിലാണ് ഷെഫീഖ് കഴിയുന്നത്. വിധി പ്രസ്താവിയ്ക്കുന്നതിനു മുന്നോടിയായി ഷെഫീഖിന്റെ ആരോഗ്യ നില നേരിട്ടു വിലയിരുത്താൻ
ജഡ്ജി ആഷ് കെ.ബാൽ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. രാജേഷാണ് ഹാജരായത്.