കെഎസ്ഇബിയെ സിപിഎം അഴിമതി നടത്താനുള്ള വേദിയാക്കി: ചെന്നിത്തല
Saturday, December 21, 2024 12:47 AM IST
പാലക്കാട്: കെഎസ്ഇബിയെ സിപിഎം അഴിമതി നടത്താനുള്ള വേദിയാക്കി മാറ്റിയതായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലാവ്ലിന് കരാര്‍ മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കുന്നതുവരെ തെളിയിക്കുന്നത് ഇതാണെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈദ്യുതി ബോര്‍ഡില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടക്കുമ്പോള്‍ ഇതിനെല്ലാം നോക്കുകുത്തിയായി മാറിയിരിക്കുകയാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. 2041 വരെ നാലുരൂപ 29 പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കുന്ന കരാറാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദുചെയ്തത്.
കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 7500 കോടി രൂപയുടെ ബാധ്യതയാണ് പിണറായി സര്‍ക്കാര്‍ സാധാരണക്കാരുടെമേൽ അടിച്ചേല്‍പ്പിച്ചത്. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും കെഎസ്ഇബി കൊള്ളയടിക്കുമ്പോള്‍ വൈദ്യുതിമന്ത്രി വെറും നോക്കുകുത്തിയായി മാറി.
ഭീമമായ വൈദ്യുതി ചാര്‍ജ് അടിച്ചേല്‍പിക്കുകവഴി കോടികളുടെ കൊള്ളയാണ് നടക്കുന്നത്. റെഗുലേറ്ററി കമ്മീഷനെ സിപിഎമ്മിനു പണമുണ്ടാക്കാനുള്ള ഉപാധിയാക്കി. എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയും മറ്റൊരു സിഐടിയു നേതാവുമാണ് റെഗുലേറ്ററി കമ്മീഷന് തലപ്പത്തുള്ളവര്‍. ഇതുതന്നെ അഴിമതി നടത്താൻവേണ്ടിയാണെന്നതിനു തെളിവാണ്.
റെഗുലേറ്ററി കമ്മീഷൻ ജനങ്ങളെ കബളിപ്പിക്കുകയാണ്. 500 മെഗാവാട്ടിനുവേണ്ടി കരാര്‍ ഒപ്പിടുമ്പോള്‍ 4.29 രൂപയ്ക്കുമുകളില്‍ വിലകൊടുത്തു വൈദ്യുതി വാങ്ങരുതെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. സിപിഎം കൊള്ളയാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍നിന്നും ഇടതുമുന്നണിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.