വിശുദ്ധ യൗസേപ്പും ക്രിസ്മസും
Saturday, December 21, 2024 2:28 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ദൈവപുത്രനായ ഈശോമിശിഹായുടെ ശാരീരികപിതാവാണ് വിശുദ്ധ യൗസേപ്പ് അഥവാ ജോസഫ് എന്നു പലരും പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ, വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തിലും ക്രൈസ്തവ വിശ്വാസ പാരന്പര്യത്തിലും അപ്രകാരമല്ല.
ബൈബിളിൽ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള സുവിശേഷഭാഗങ്ങളിലാണ് വിശുദ്ധ യൗസേപ്പിനെ നാം പ്രധാനമായും കാണുന്നത്. ഇതുപ്രകാരം യൗസേപ്പ് ദാവീദിന്റെ വംശജനും ഈശോയുടെ അമ്മയായ മറിയത്തിന്റെ ഭർത്താവുമാണ്. ആശാരിപ്പണി ചെയ്തു ജീവിച്ചിരുന്ന ഈ യൂദാവംശജന്റെ പിതൃഭവനം ബെത്ലഹേമിൽ ആയിരുന്നു. സുവിശേഷ സാക്ഷ്യമനുസരിച്ച് മറിയം ഗർഭം ധരിച്ചത് പരിശുദ്ധാത്മാവിനാലാണ്. അതും വിശുദ്ധ യൗസേപ്പുമായി സഹവസിക്കുന്നതിനുമുന്പാണുതാനും. അതിനാൽ വിശുദ്ധ യൗസേപ്പ് ദൈവപുത്രനായ ഈശോമിശിഹായുടെ വളർത്തുപിതാവാണ്.
നീതിമാൻ എന്ന വിശേഷണത്തോടെയാണ് ഒന്നാം സുവിശേഷകൻ വിശുദ്ധ യൗസേപ്പിനെ പരിചയപ്പെടുത്തുന്നത്. “കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവനാണ്’’ (ലൂക്കാ 1:6) പഴയ നിയമം അനുസരിച്ചുള്ള നീതിമാൻ. അങ്ങനെയെങ്കിൽ, താനുമായി വിവാഹനിശ്ചയം കഴിഞ്ഞ മറിയം താനറിയാതെ ഗർഭിണിയായ വാർത്ത കേട്ടപ്പോൾ യൗസേപ്പ് അവളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണമായിരുന്നു. എന്നാൽ, യൗസേപ്പ് അങ്ങനെ ചെയ്യുന്നില്ല. മറിച്ച്, രഹസ്യമായി മറിയത്തെ ഉപേക്ഷിക്കാനാണ് യൗസേപ്പ് തീരുമാനിച്ചത്.
അതിനു കാരണം മറിയത്തെ പരസ്യമായി അപമാനിക്കാൻ യൗസേപ്പ് ആഗ്രഹിച്ചില്ല എന്നതാണ്. ഇവിടെ സുവിശേഷകൻ നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്ന യൗസേപ്പ്, നിയമങ്ങൾ അക്ഷരാർഥത്തിൽ പാലിക്കുന്ന ഒരു കാർക്കശ്യക്കാരനായ നീതിമാനല്ല: കാരുണ്യത്തോടും മനുഷ്യത്വത്തോടുംകൂടെ മറിയത്തെ മാനിക്കുന്ന ഒരു നീതിമാനാണ്. വിശുദ്ധ യൗസേപ്പ് നൽകുന്ന ഒന്നാമത്തെ ആത്മീയപാഠവും ഇതുതന്നെയാണ്. നീതിനിർവഹണത്തിൽ നാം ഓർക്കേണ്ട ബൈബിൾ തത്വങ്ങളിലൊന്ന്, “എല്ലാം നിയമാനുസൃതമാണ്; എന്നാൽ എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്. എന്നാൽ എല്ലാം പടുത്തുയർത്തുന്നില്ല’’ (1 കോറി10:23) എന്നതാണ്.ഇതോടുചേർത്തു വായിക്കേണ്ട മറ്റൊരു ബൈബിൾ തത്വമാണ് “നിയമം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു’’ (2 കോറി 3:6) എന്നത്.
പടുത്തുയർത്താത്ത, കൊല്ലുന്ന, നശിപ്പിക്കുന്ന സ്നേഹത്തിന്റെ ആത്മാവില്ലാത്ത നിയമപാലനം നടത്തുന്ന നീതിമാനല്ല വിശുദ്ധ യൗസേപ്പ്; മറിച്ച് കരുണ കാണിക്കുന്ന, ജീവൻ സംരക്ഷിക്കുന്ന, പടുത്തുയർത്തുന്ന, അപരന്റെ സൽപ്പേര് കാത്തുസൂക്ഷിക്കുന്ന നീതിമാനായിരുന്നു വിശുദ്ധ യൗസേപ്പ്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുവാൻ ആക്രോശിച്ചുകൊണ്ടു തന്നെ സമീപിച്ച പുരുഷാരത്തിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി “മേലിൽ പാപം ചെയ്യരുത്, ഞാനും നിന്നെ വിധിക്കുന്നില്ല’’ എന്നു പറഞ്ഞുകൊണ്ട് വ്യഭിചാരിണിയെ വെറുതെവിടാൻ ഈശോയെ പ്രേരിപ്പിച്ചത് തന്റെ അമ്മയായ മറിയത്തിൽനിന്നു താൻ കേട്ട യൗസേപ്പിന്റെ കഥയാണെന്ന് ചില വചനവ്യാഖ്യാതാക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്.
വിശുദ്ധ യൗസേപ്പ് ദൈവസന്നിധിയിൽ ശാന്തമായിരുന്നു ചിന്തിച്ച്, പ്രാർഥിച്ച് തെറ്റിദ്ധാരണകളും പ്രതിസന്ധികളും തരണം ചെയ്യുന്നതിനു നമുക്കു മാതൃകയാണ്. ദൈവഹിതം എന്താണെന്ന് അറിഞ്ഞാൽ അത് അക്ഷരംപ്രതി ഉടനെ അനുസരിക്കുന്നതിനും യൗസേപ്പ് മാതൃകയാണ്.
സീസറിന്റെ കല്പന അനുസരിക്കുന്ന യൗസേപ്പ് രാഷ്ട്രനിയമങ്ങൾ അനുസരിക്കുന്നതിനും ഈശോയുടെ നാമകരണം, ഛേദനാചാരം, ദൈവാലയ സമർപ്പണം, മറിയത്തിന്റെ പ്രസവാനന്തര ശുദ്ധീകരണം, മുറപോലെയുള്ള തിരുനാളുകളുടെ ആഘോഷം മുതലായ ദൈവികനിയമങ്ങൾ അനുസരിക്കുന്നതിനും മാതൃകയാകുന്നു. സുരക്ഷിതമായ സ്ഥലത്തേക്കു തന്റെ കുടുംബത്തെ എത്തിച്ചത് ഭാര്യയോടും കുഞ്ഞിനോടുമുള്ള കരുതലിന്റെ അടയാളമാണ്.
പൂർണഗർഭിണിയായ മറിയത്തോടൊപ്പം ബെത്ലഹേമിൽ പോയതും കൈക്കുഞ്ഞായ ഈശോയോടൊപ്പം ഈജിപ്തിൽ പോയതും കഷ്ടങ്ങൾ സഹിച്ചും ദൈവഹിതം അനുസരിക്കുന്നതിന്റെയും കുടുംബത്തോടുള്ള ഉത്തരവാദിത്വത്തിന്റെയും ഉദാഹരണങ്ങളാണ്. സർവോപരി അധ്വാനിച്ചു കുടുംബം പുലർത്തിയിരുന്ന യൗസേപ്പ് അന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നവർക്ക് മാതൃകയും പ്രചോദനവുമാണ്.