മോൻസൺ മാവുങ്കൽ കേസ്: കെ. സുധാകരന് പണം നൽകിയെന്ന മൊഴി എഴുതിച്ചേർത്തതെന്ന്
Saturday, December 21, 2024 2:28 AM IST
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പണം നൽകുന്നതു കണ്ടുവെന്ന മൊഴി കളവെന്ന് സാക്ഷി മൊഴി നൽകിയ ഷാനിമോൻ.
പണം നൽകുന്നതു കണ്ടുവെന്ന മൊഴി തന്റെ അറിവോ സമ്മതമോ ഇല്ലാതെ അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആർ. റസ്റ്റം എഴുതിച്ചേർത്തതാണെന്നും ഷാനിമോൻ ആരോപിച്ചു.
ഷാനിമോൻ ബംഗളൂരുവിൽനിന്നു കൊണ്ടുവന്ന 28 ലക്ഷം രൂപയിൽനിന്ന് 10 ലക്ഷം രൂപ കെ. സുധാകരന് കൈമാറുന്നതു കണ്ടുവെന്ന വ്യാജ മൊഴിയാണ് എഴുതിച്ചേർത്തത്. ഇത്തരത്തിൽ 2018 നവംബർ 22ന് ബംഗളൂരുവിൽനിന്ന് പണവുമായി താൻ കൊച്ചിയിൽ വന്നിട്ടില്ലെന്നും ഷാനിമോൻ പറഞ്ഞു. പണം കൈമാറുന്നതു കണ്ടിട്ടില്ലെന്നു മൊഴി നൽകിയപ്പോൾ, കണ്ടെന്ന് കുറ്റപത്രത്തിൽ എഴുതിച്ചേർക്കുകയാണ് ചെയ്തത്.
ബംഗളൂരുവിൽനിന്ന് പെണ്‍കുട്ടിയെ കൊണ്ടുവന്നു ഭീഷണിപ്പെടുത്തിയാണ് പരാതി നൽകാൻ ശ്രമിച്ചത്. ഇതു തടഞ്ഞതിലെ വൈരാഗ്യമാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈ.ആർ. റസ്റ്റം പരാതിക്കാരോടു കാട്ടുന്നത്.
പീഡന സമയം കെ. സുധാകരൻ മോണ്‍സന്റെ അടുത്ത് ഉണ്ടായിരുന്നുവെന്നു സ്ഥാപിക്കാനാണ് വ്യാജമൊഴി നൽകാൻ ശ്രമിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചതിനാലാണ് പല കേസുകളിലും കോടതി പ്രതികളെ വെറുതെ വിടുന്നതെന്നും ഷാനിമോൻ കൂട്ടിച്ചേർത്തു.