റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് ‘ജയ് ഭീം അംബേദ്കർ’ സമ്മേളനങ്ങൾ നടത്തും: കെ. സുധാകരൻ
Saturday, December 21, 2024 2:28 AM IST
തലശേരി: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ സംഭാവനകളെ തമസ്കരിച്ച് ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്. അംബേദ്കര്‍ ദിനമായി ആചരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനം’ സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദേഹം പറഞ്ഞു.
അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയ്ക്കും രാഹുല്‍ ഗാന്ധിക്കെതിരേ കള്ളക്കേസെടുത്തതിനും എതിരേ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണ് കുറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും കെ. സുധാകരന് ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എം. നിയാസ്, വി.എ. നാരായണന്, സജീവ് മറോളി, എം.പി. അരവിന്ദാക്ഷന്, ശശി, കെ.പി. സാജു, സുദീപ് ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.