നിക്ഷേപത്തുക നൽകിയില്ല, അപമാനിച്ചു ; ബാങ്കിനു മുന്പിൽ വ്യാപാരി ജീവനൊടുക്കി
Saturday, December 21, 2024 2:28 AM IST
കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ബാങ്കിന് മുന്പിൽ വ്യാപാരി ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തുന്ന മുളങ്ങാശേരിൽ സാബു (56) ആണ് കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്പിൽ ഇന്നലെ തൂങ്ങി മരിച്ചത്.
ബാങ്ക് ജീവനക്കാരാണ് തന്റെ മരണത്തിനു കാരണക്കാരെന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിനു സമീപത്തുനിന്നു പോലീസ് കണ്ടെടുത്തു. കുടുംബസ്വത്ത് വിറ്റുകിട്ടിയ 50 ലക്ഷത്തിലധികം രൂപ സാബു സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
പല തവണകളായി 25 ലക്ഷം രൂപ തിരികെ എടുത്തു. കഴിഞ്ഞ ദിവസം ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായി നിക്ഷേപത്തുകയിൽനിന്ന് രണ്ട് ലക്ഷം രൂപ തിരികെ വാങ്ങാൻ സാബു സൊസൈറ്റിയെ സമീപിച്ചിരുന്നു. എന്നാൽ, പണം ലഭിച്ചില്ലെന്നും സെക്രട്ടറിയും ജീവനക്കാരും ഇദ്ദേഹത്തെ അപമാനിച്ച് തിരിച്ചയച്ചെന്നും ഭാര്യാസഹോദരൻ സണ്ണി പറഞ്ഞു.
വ്യാഴാഴ്ച പണം ആവശ്യപ്പെട്ട് സാബു സൊസൈറ്റിയിലെത്തിയിരുന്നു. പണം ലഭിക്കാതെവന്നപ്പോൾ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് ജീവനക്കാർ സാബുവിനെ ആക്ഷേപിച്ചതായി പറയുന്നത്. ഇന്നലെ രാവിലെ സാബുവിനെ വീട്ടിൽ കാണാതായപ്പോൾ മകൻ അന്വേഷിച്ച് സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എത്തിയപ്പോൾ സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാബുവിന്റെ ഭാര്യ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുന്നതിനാണ് പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. സൊസൈറ്റിയിലെത്തിയപ്പോൾ ഉണ്ടായ ദുരനുഭവമാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകരും വ്യാപാരി-വ്യവസായി അംഗങ്ങളും പ്രതിഷേധവുമായി സൊസൈറ്റിക്കു മുന്നിൽ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. എൽഡിഎഫ് ഭരണത്തിലുള്ളതാണ് സൊസൈറ്റി. മേരിക്കുട്ടിയാണ് സാബുവിന്റെ ഭാര്യ. മക്കൾ: അബിൻ, അലൻ.